യഹോവ എന്ന ജ്ഞാപകനാമം

Behold the hand; Behold the Nail.

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ്‌ അൽ ഖൈമ

“ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിൻറെ ദൈവവും യിസ്ഹാക്കിൻറെ ദൈവവും യാക്കോബിൻറെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എൻറെ നാമവും തലമുറ തലമുറയായി എൻറെ ജ്ഞാപകവും ആകുന്നു” പുറപ്പാട് 3:15

ദൈവം ഹോരേബിൽ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി മോശെയോടു സംസാരിക്കുന്നതിൻറെ ഒരു ഭാഗമാണ് മുകളിൽ കുറിച്ചിരിക്കുന്ന വാക്യം. ദൈവം മോശെയെ നിയോഗിച്ചു സംസാരിക്കുമ്പോൾ മോശെ ദൈവത്തിൻറെ പേര് ചോദിച്ചു. അതിനു മുമ്പ് പുറപ്പാട് 3:6-ൽ ദൈവം തന്നെത്തന്നെ മോശെയ്ക്കു പരിചയപ്പെടുത്തുമ്പോൾ 15-ആം വാക്യത്തിൽ കാണുന്ന യഹോവ എന്ന നാമധേയം ഉപയോഗിച്ചിട്ടില്ലായിരുന്നു- നിൻറെ പിതാവിൻറെ ദൈവം എന്നു മാത്രമാണ് പറഞ്ഞത്. ആ ദൈവത്തെ ഏതു പേരിലാണ് യിസ്രായേൽ മക്കൾക്കു പരിചയപ്പെടുത്തേണ്ടത് എന്നാണ് മോശെ ചോദിച്ചത്. അതിനു ദൈവം രണ്ടു മറുപടിയാണ് മോശെയ്ക്കു നൽകിയത്. ഒന്നാമത്തെ പേര് “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.” “എഹ്യ ആശേർ എഹ്യ” എന്നാണ് എബ്രായ ഭാഷയിൽ കാണുന്നത്. രണ്ടാമത്തെ പേര് ‘യഹോവ’ എന്നും ആയിരുന്നു. ഈ രണ്ടു പേരുകളും ദൈവത്തിൻറെ വിശുദ്ധനാമങ്ങൾ ആണ്. രണ്ടു പേരുകളും വ്യത്യസ്ത അർത്ഥതലങ്ങൾ ഉള്ള രണ്ടു നാമങ്ങൾ ആണ്. എഹ്യ ആശേർ എഹ്യ എന്ന നാമത്തിൻറെ അർത്ഥതലങ്ങൾ പിന്നാലെ വിശകലനം ചെയ്യാം.  ആദ്യം നമുക്ക് യഹോവ എന്ന വാക്കിനെക്കുറിച്ചു ചിന്തിക്കാം.

ദൈവം മനുഷ്യനു തന്നെത്തന്നെ വിശുദ്ധതിരുവെഴുത്തുകളിലൂടെയും പ്രത്യക്ഷതയിലൂടെയും വെളിപ്പെടുത്തിയിരിക്കുന്നതു ഭാഗം ഭാഗമായിട്ടും ഘട്ടം ഘട്ടമായിട്ടും ആയിരുന്നു. ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായത്തിൽ  സ്രഷ്ടാവായ ദൈവം ‘എലോഹീം’ എന്ന നാമധേയത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എലോഹീം എന്ന വാക്ക് ഒന്നാം അദ്ധ്യായത്തിൽ തന്നെ 32 പ്രാവശ്യം നാം കാണുന്നു. എൻറെ പഠനത്തിലും വിശകലനത്തിലും ഉല്പത്തി 2:1-3 വരെയുള്ള വാക്യങ്ങൾ ഒന്നാം അദ്ധ്യായത്തിൻറെ തുടർച്ചയാണ്. അങ്ങനെയെങ്കിൽ ഒന്നാം അദ്ധ്യായത്തിൽ തന്നെ തന്നെ 34 പ്രാവശ്യം ‘എലോഹീം’ എന്ന വാക്കു ഉപയോഗിച്ചിരിക്കുന്നതായി മനസ്സിലാക്കാം.

ഭാഷാപരമായി ചിന്തിച്ചാൽ ‘എലോഹീം’ എന്ന വാക്കു ഒരു സർവ്വനാമമാണ്. ഈ വാക്കിന് എബ്രായ ഭാഷയിൽ വിവിധ അർത്ഥതലങ്ങളാണുള്ളത്. Rulers, Judges, Divine ones, Angels, gods, എന്നിങ്ങനെ ബഹുവചന അർത്ഥരൂപങ്ങളും god, goddess, god like one, special work or possession of God, the true God എന്നിങ്ങനെ ഏകവചന അർത്ഥങ്ങളും എലോഹീം എന്ന വാക്കിനുണ്ട്.

എന്നാൽ രണ്ടാം അദ്ധ്യായം മുതൽ ചിത്രം ആകെ മാറുകയാണ്. ഞാൻ വിഭാവനം ചെയ്തിരിക്കുന്ന രണ്ടാം അദ്ധ്യായം- അതായത് നിലവിലെ രണ്ടാം അദ്ധ്യായം നാലാം വാക്യം തുടങ്ങുന്നത്- ‘യഹോവയായ ദൈവം’ എന്ന പേരോടുക്കൂടെയാണ്. അത് ഒരു സംജ്ഞാനാമം (proper name) ആണ്. ‘എലോഹീം’ എന്ന സ്രഷ്ടാവായ ദൈവത്തിൻറെ പേര് കൃത്യമായി വെളിപ്പെടുത്തിയിരിക്കുന്നു- YHWH ELOHIEM. അർത്ഥശങ്കയില്ലാതെ യഹോവ എന്ന പേരോട് കൂടിയ സ്രഷ്ടാവായ ദൈവം എന്നാണ് അതിൻറെ അർത്ഥം. യഹോവയായ ദൈവം എന്ന പ്രയോഗം ഉല്പത്തി രണ്ടാം ആദ്ധ്യായത്തിൽ മാത്രം പതിനൊന്നു പ്രാവശ്യം കാണുന്നു-പഴയനിയമത്തിൽ ആകെമാനമായി 33 പ്രാവശ്യവും!

യഹോവ എന്ന നാമം തനതായി ആദ്യം, മനുഷ്യകുലത്തിൽ നിന്നും, ഉച്ചരിച്ചത് ഹൗവ്വ ആണെന്ന് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു (ഉല്പത്തി 4:1). തുടർന്ന് ഈ ദൈവം തേജോമയനായും (അപ്പോസ്‌തോലപ്രവർത്തികൾ 7:2) സർവ്വശക്തിയുള്ള ദൈവമായും (ഉല്പത്തി 17:1) അബ്രഹാമിന് വെളിപ്പെട്ടു. ഈ രണ്ടു വാക്കുകളും ദൈവത്തെ കുറിക്കുന്ന വിശേഷണങ്ങൾ അത്രെ- അത് പേരല്ല. ഉല്പത്തി 12:1-ൽ അബ്രാമിനു പ്രത്യക്ഷനായ ദൈവത്തിന്റെ പേര് നാം കാണുന്നു- യഹോവ. തുടർന്ന് യിസഹാക്കിനും (ഉല്പത്തി 26:2) യാക്കോബിനും (ഉല്പത്തി 28:13) അതെ നാമധേയത്തിൽ തന്നെയാണ് അവിടുന്ന് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ആ പിതാക്കന്മാരുടെ പേരിനോട് ചേർത്താണ് യഹോവ എന്ന നാമധേയം അറിയപ്പെട്ടത്.

യഹോവ എന്ന പേര് YHWH എന്ന ചതുരാക്ഷരിയിൽ (tetragrammaton) ആണ് എബ്രായ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുരാതന എബ്രായ ഭാഷയായ പാലിയോ ഹീബ്രുവിനു സ്വരാക്ഷരങ്ങൾ ഇല്ലായിരുന്നു. വ്യഞ്ജനാക്ഷരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിരുന്നാലും YHW എന്നീ അക്ഷരങ്ങൾ സ്വരാക്ഷരമായും കണക്കാക്കിയിരുന്നു. YHWH എന്ന വാക്ക് പാലിയോ ഹീബ്രുവിൽ എങ്ങനെയാണ് ഉച്ചരിച്ചിരുന്നതെന്നു ആർക്കും അറിയില്ല. അതിനു പല കാരണം ഉണ്ട്. ബാബിലോന്യ പ്രവാസം കഴിഞ്ഞു മടങ്ങിവന്നവർ അരാമ്യഭാഷയായിരുന്നു സംസാരിച്ചിരുന്നത്. മേദ്യ-പാർസ്യ സാമ്രാജ്യത്തിൻറെ  ഔദ്യോഗിക ഭാഷയായിരുന്നു അരാമ്യഭാഷയ്ക്ക് പാലിയോ ഹീബ്രു വഴിമാറി. പ്രവാസത്തിൽ നിന്നും മടങ്ങി വന്ന യഹൂദർ ചരിത്രവിഭജനത്തിൽ രണ്ടാം ആലയഘട്ടത്തിലേക്കു പ്രവേശിച്ചു- ഈ യുഗം റബ്ബിനിക് യൂദായിസത്തിൻറെ മുൻകുറിയായിരുന്നു. ഈ കാലയളവിലാണ് എബ്രായ ബൈബിളിൻറെ  അഥവാ നാം പഴയനിയമം എന്ന് വിളിക്കുന്ന ഗ്രന്ഥത്തിൻറെ  കാനോനീകരണവും ക്രോഡീകരണവും കൈയെഴുത്തുപ്രതികൾ തയ്യാറാക്കലും നടന്നിരുന്നത്. YHWH എന്ന ചതുരാക്ഷരി ഏറ്റവും ബഹുമാനാദരവുകളോടെ ഉച്ചരിക്കുകയോ എഴുതുകയോ ചെയ്യേണ്ട നാമം ആയിരുന്നതിനാൽ YHWH എന്നതിന് പകരം ADONAI എന്ന വാക്കു SUBSTITUTE ആയി വച്ച്. ബാബിലോന്യ പ്രവാസത്തിനു മുമ്പ് YHWH എന്ന വാക്ക് Yahweh  എന്നായിരുന്നിരിക്കണം ഉച്ചരിച്ചിരുന്നത് എന്നാണ് പണ്ഡിതന്മാരുടെ അഭിമതം.

രണ്ടാം ആലയകാലഘട്ടം മുതൽ  YHWH  എന്ന വാക്ക് യഹൂദൻ ഉച്ചരിക്കാറില്ല. ദൈവത്തിൻറെ ഏറ്റവും പരിപാവനമായ, പവിത്രമായ നാമമാണ് YHWH  എന്നാണ് യാഥാസ്ഥിതിക യഹൂദർ കണക്കാക്കിയിരുന്നത്. ഈ നാമം ഉച്ചരിക്കുവാൻ അവർ ഭയപ്പെട്ടു. ഉറക്കെ ഉച്ചരിക്കുന്നത് നിരോധിച്ചു. പകരം അത് അക്ഷരമായി തന്നെ വായിച്ചു. എബ്രായ അക്ഷരമാലയിലെ യോദ്, ഹെയ്, വാവ്, ഹെയ് എന്നീ അക്ഷരങ്ങൾ ചേർന്നതാണ് എബ്രായഭാഷയിൽ YHWH എന്ന ചതുരാക്ഷരി. അത് വായിക്കുമ്പോൾ യോദേവാവേ എന്ന് വേഗത്തിൽ വായിക്കുന്നു. യഹൂദർ ഇന്നും എബ്രായബൈബിൾ വായിക്കുമ്പോൾ ഈ രീതിയാണ് അനുവർത്തിച്ചു വരുന്നത്.

റോമൻ ചക്രവർത്തിയായിരുന്ന ഹഡ്രിയാൻ എ. ഡി. 136-ൽ യഹൂദാമതവും മതാനുസാരങ്ങളും തോറാ വായനയും നിരോധിച്ചു. ഇതേതുടർന്ന് ന്യായപ്രമാണഗ്രന്ഥങ്ങളുടെ പൊതുവായനയും അതിൻറെ ഉച്ചാരണശുദ്ധിയും വിസ്‌മൃതിയിലായിപ്പോയി. ഒപ്പം യഹോവ എന്ന നാമധേയത്തിൻറെ ഉച്ചാരണവും! തുടർന്ന് ഇറ്റാലിയൻ ക്രൈസ്തവസന്യാസിയും തത്വചിന്തകനും വേദശാസ്ത്രജ്ഞനും ആയിരുന്ന പെട്രിസ് ഗലാഷിനസ് 1520-ൽ ആണ് YHWH എന്ന ചതുരാക്ഷരിയെ Jehovah എന്ന് ഉച്ചരിച്ചത്. എബ്രായഭാഷയിൽ നിന്നും വിവർത്തനം ആരംഭിച്ച ജർമ്മൻ മൊഴിമാറ്റക്കാരിലൂടെയാണ് യഹോവ എന്ന ഉച്ചാരണം പ്രചുരപ്രചാരം നേടിയത്. ജർമ്മൻ-എബ്രായ സങ്കരഭാഷയായ യിദ്ദിഷ് ഉച്ചാരണമാണ് ‘യഹോവ’ എന്നും വാദമുണ്ട്.

YHWH എന്നത് ഒരു ideogram ആണ്. എബ്രായ അക്ഷരമായ ചിത്രലിപി ആണ് ആശയം വ്യക്തമാകുന്ന അക്ഷര സമൂഹത്തെയാണ് ഐഡിയോഗ്രാം എന്ന് പറയുന്നത്. Y പ്രതിനിധീകരിക്കുന്ന യോദ് എന്ന അക്ഷരത്തിന് കൈ, the hand എന്നാണ് അർത്ഥം. ഹേ (H) എന്ന അക്ഷരത്തിനു കിളിവാതിൽ എന്നർത്ഥം-അർത്ഥാൽ കാണുക (Behold or look) വാവ് (W) എന്ന അക്ഷരത്തിനു ആണി (Nail) എന്നും അർത്ഥം.

യേശു, എബ്രായഭാഷയിൽ യേശുവ, എന്ന വാക്കിന് “യഹോവ രക്ഷിക്കുന്നു” എന്നാണർത്ഥം. യേശുവിലൂടെ യഹോവ നമ്മുടെ രക്ഷ പൂർത്തീകരിച്ചു. യഹോവ എന്ന ദൈവം നമ്മുടെ രക്ഷാപദ്ധതി തൻറെ പ്രായച്ഛിത്തയാഗത്തിലൂടെ നിർവഹിച്ചു. എന്നാൽ യഹൂദൻ ഇന്നും ഇത് രാഷ്ട്രീയമായോ മതപരമായോ അംഗീകരിക്കുന്നില്ല.

നീ വിശ്വസിക്കുന്നില്ലെങ്കിൽ YHWH എന്ന ചതുരാക്ഷരിയുടെ ഐഡിയോഗ്രാം നിനക്ക് ഒരു അടയാളമാണ്.  YHWH  എന്ന അക്ഷരങ്ങളുടെ അർത്ഥം കൂട്ടിവായിക്കുമ്പോൾ കൈകൾ കാണുക; ആണികൾ കാണുക (Behold the hand; Behold the Nail) എന്നർത്ഥം കിട്ടുന്നു. തോമാസേ അവിശ്വാസിയാകാതെ നിൻറെ വിരൽ ഇങ്ങോട്ടു നീട്ടി എൻറെ കൈകളെ കാണുക (യോഹന്നാൻ 20:27). ഹാ എത്ര അർത്ഥവത്താണ്. ഇവിടെ തോമസ്സിൻറെ വിരൽ ആണിക്ക് പകരമാവുകയാണ്!

YHWH എന്ന ചതുരാക്ഷരിയുടെ ചിത്രലിപികൾ അഥവാ ആശയലിപികൾ കാൽവരി എന്ന യാഥാർഥ്യത്തിൻറെ നേർചിത്രമാണ്. സകലഭൂസീമവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലാലോ (യെശയ്യാ 45:22).

സകലമനുഷ്യരും ജനിക്കുന്നത് ജീവിക്കുവാനായിട്ടാണ്. ആയുസ്സ് അവിടെ വിഷയം അല്ല. എന്നാൽ യേശു ജനിച്ചത് ജീവിക്കുവാനായിട്ടല്ലായിരുന്നു, മരിക്കുവാനായിട്ടായിരുന്നു-അല്ല എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാനായിട്ടായിരുന്നു (എബ്രായർ 2:9). യേശു ജനിച്ചത് ജീവിക്കുവാനായിട്ടല്ലായിരുന്നു; ജീവിപ്പിക്കുവാനായിട്ടായിരുന്നു. അവിശ്വാസിയാകാതെ വിശ്വാസിയാവുക. അവിശ്വാസികുന്നുവെങ്കിൽ കൈകൾ കാണുക- ആണികൾ കാണുക വിശ്വാസിക്ക.

യഹോവ എന്ന നാമം തലമുറതലമുറയായി എന്നേക്കും ജ്ഞാപകമായിരിക്കുന്നു. ആ ജ്ഞാപകസ്തംഭം കാൽവറിയാണ്.

YHWH= Behold the hand; Behold the Nail.

Pin It on Pinterest

Share This

Share This

Share this post with your friends!