
“എഹ്‌യെ അഷേർ എഹ്‌യെ”
പാസ്റ്റർ സണ്ണി പി സാമുവേൽ, റാസ് അൽ ഖൈമ
“അതിനു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.”
(പുറപ്പാട് 3:14).
‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്ന വാചകം എബ്രായ ഭാഷയിൽ “എഹ്‌യെ അഷേർ എഹ്‌യെ” എന്നാണ്. യിസ്രായേൽ മക്കളെ മിസ്രയിമ്യ അടിമത്വത്തിൽ നിന്നും വിടുവിച്ചു വിമോചിതരാക്കുവാൻ ഇറങ്ങി വന്ന ദൈവത്തെയാണ് പുറപ്പാട് 3:8-ൽ നാം കാണുന്നത്. ആ ദൈവത്തിന്റെ പേര് മോശെ ദൈവത്തോടു ചോദിച്ചപ്പോൾ മറുപടിയായി ദൈവം പറഞ്ഞതാണ് “എഹ്‌യെ അഷേർ എഹ്‌യെ”. വിടുവിക്കുവാനായി ഇറങ്ങി വരുന്ന ദൈവത്തെയാണ് ബൈബിളിന്റെ പേജുകളിൽ നാം കാണുന്നത്. മിസ്രയിമിൽ നിന്നും യിസ്രായേൽ മക്കളെ മോശെയിലൂടെ വിടുവിക്കുന്നത് നിഴലും; യേശുക്രിസ്തുവിലൂടെ പാപിയായ മനുഷ്യനെ സാത്താന്റെ അടിമത്വത്തിൽ നിന്നും വിടുവിച്ചു സഭയുടെ അംഗമാക്കി നിത്യജീവനിലേക്ക് നയിക്കുന്നത് സാക്ഷാൽ പൊരുളും ആണ്. രണ്ടു സംഭവങ്ങളിലും ദൈവം ഭൂമിയിലേക്ക് താണിറങ്ങി വരികയായിരുന്നു.
യഹോവ (YHWH) എന്ന വാക്ക് എബ്രായ ബൈബിളിൽ 6823 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ എഹ്‌യെ അഷേർ എഹ്‌യെ എന്ന വാക്ക് അത്രയും ഒന്നും കാണുവാൻ സാധിക്കുന്നില്ല. “ഞാൻ ആകുന്നു” എന്ന വാക്ക് പുതിയനിയമത്തിൽ യേശു കർത്താവ് ആവർത്തിച്ചു പറയുന്നുണ്ടു താനും.
എബ്രായ ഭാഷയിലെ ‘എഹ്‌യെ അഷേർ എഹ്‌യെ’ എന്ന വാക്ക് മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്തപ്പോൾ അതിന്റെ മൂല അർത്ഥം ചോർന്നു പോയി എന്നാണ് ഭാഷാവിശാരദന്മാർ പറയുന്നത്. ഇംഗ്ലീഷിൽ പോലും അർത്ഥം ശരിയായി കിട്ടിയിട്ടില്ല. ഈ പ്രയോഗം മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യുക ബുദ്ധിമുട്ടാണ് – വിഷമകരമാണ്. അതിനു പല കാരണങ്ങൾ ഉണ്ട്.
ഒന്നാമതായി, എബ്രായഭാഷ അതിസമ്പുഷ്ടമായ ഭാഷയാണ്. ഒപ്പം അത് ചലനാത്മക (Dynamic) ഭാഷയും ആണ്. ഇതു മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാനാവാത്ത പ്രത്യേകതയാണ്.
ബൈബിൾ എഴുതിയ പാലിയോ ഹീബ്രുവിന് രണ്ടു കാലങ്ങൾ (tense) മാത്രമേയുള്ളൂ. പൂർണ്ണകാലവും (പേർഫെക്റ്റ് ടെൻസും) അപൂർണ്ണകാലവും (ഇംപേർഫെക്റ്റ് ടെൻസും). ബിബ്ലിക്കൽ ഹീബ്രുഭാഷ ദൗത്യങ്ങളുടെയും (functions) പ്രവർത്തികളുടെയും (actions) ഭാഷയാണ്. മറ്റു ഭാഷകളിൽ കാലം (Tense) നിശ്ചയിക്കുന്നത് സമയത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൂതം-ഭാവി-വർത്തമാന കാലങ്ങൾ നമുക്കും ഉണ്ടല്ലോ. എന്നാൽ ബൈബിൾ ഹീബ്രു ഭാഷയിൽ കാലം (Tense) നിശ്ചയിക്കുന്നത് പ്രവർത്തിയുടെ (action) അടിസ്ഥാനത്തിലാണ്. അതിൽ മേൽപ്പറഞ്ഞ പെർഫെക്റ്റ് ടെൻസും ഇംപെർഫെക്റ്റ് ടെൻസും മാത്രമേയുള്ളൂ. പൂർത്തിയായ ഒരു പ്രവൃത്തിയെയാണ് പെർഫെക്റ്റ് ടെൻസു കാണിക്കുന്നത്. എന്നാൽ ഇംപെർഫെക്റ്റ് ടെൻസ് ആരംഭിച്ചതോ ആരംഭിച്ചിട്ടില്ലാത്തതോ അപ്പോൾ തന്നെ പൂർത്തികരിച്ചിട്ടില്ലാത്തതോ ആയ പ്രവൃത്തിയെ കാണിക്കുന്നു. ആകയാൽ പ്രവർത്തികാലത്തിൽ (Action Tense) നിന്നും സമയകാലത്തിലേക്ക് (time tense) ഒരു വിഷയം വിവർത്തനം ചെയ്യുക ദുഷ്കരമാണ് ! ഹീബ്രു അറിയാവുന്ന ഒരു വ്യക്തി ബൈബിളിലെ ഒരു പ്രയോഗം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തണമെങ്കിൽ ഒരു വാക്കിനു വേണ്ടി ഒരു വാചകം ഉപയോഗിക്കേണ്ടി വരും. ഒരു പദസമുച്ചയം (Phrase) വിശദീകരിക്കണമെങ്കിൽ ചിലപ്പോൾ വാചകങ്ങൾ തന്നെ ഉപയോഗിക്കേണ്ടി വരും. എബ്രായ ഭാഷ അത്രയും സമ്പുഷ്ടമായിരുന്നു, അർത്ഥതലത്തിൽ വീര്യവത്തായതും ചലനാത്മകവും (Dynamic) ആയിരുന്നു.
“എഹ്‌യെ അഷേർ എഹ്‌യെ” എന്ന പദസമുച്ചയം എബ്രായ ഭാഷയിലെ ഇംപെർഫെക്റ്റ് ടെൻസാണ്. ഈ പദങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്താൽ : I am who I am, I will be who I will be, I exist because I exist , I am that which exists, I will exist because I will exist എന്നിങ്ങനെ വിവിധ അർഥ തലത്തിൽ വിവർത്തനം ചെയ്യുവാൻ കഴിയും. എന്നിരുന്നാലും ഇതൊന്നും അത്ര നല്ല വിവർത്തനം അല്ല എന്നാണ് എബ്രായ-ഇംഗ്ലീഷ് ഭാഷാ പണ്ഡിതന്മാർ അഭിപ്രായപെടുന്നത്. അവ ഏകദേശം ആശയം മാത്രമാണ്.
ഇത്രയും അർത്ഥവിന്യാസം ഉണ്ട് ‘എഹ്‌യെ അഷേർ എഹ്‌യെ’ എന്ന പ്രയോഗത്തിന്. “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നു വിവർത്തനം ചെയ്‌താൽ ആശയം എത്ര ശുഷ്‌കം ആയിരിക്കും എന്നു ഉഹിക്കാവുന്നതെയുള്ളല്ലോ.
എഹ്‌യെ എന്ന വാക്ക് എഴുതുമ്പോൾ അലേഫ്, ഹെയ്, യൂദ് (യോദ്) ഹെയ് എന്നീ എബ്രായ അക്ഷരങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഈ വാക്കിന്റെ മൂലവാക്ക് ഹയാഹ് എന്ന വാക്കാണ്. ഹെയ്, വാവ് ഹെയ് (HYH) എന്നാണ് എഴുതുന്നത്. യഹോവ എന്ന വാക്കിന്റെയും മൂലവാക്ക് HYH തന്നെയാണ്. HAVA എന്ന പ്രാചീന മൂലവാക്കാണ് (Primitive Root Word) ആണ് രണ്ടു വാക്കുകളുടെയും മൂലോല്പത്തി. HAVA എന്ന വാക്കിന് Breath, to be in existence, have എന്നിങ്ങനെയാണ് അർത്ഥം. HAVA എന്ന വാക്കിന് self-existing breath of life എന്നാണ് അർത്ഥം! യഹോവ എന്ന വാക്കിൽ അഹ്‌വ്, ഹവ, അവ് എന്നീ മൂന്നു എബ്രായ വാക്കുകൾ ഉള്ളടക്കം ചെയ്തിരിക്കുന്നു. അഹ്‌വ് എന്ന വാക്കിന് സ്നേഹം എന്നും അവ് എന്നതിന് പിതാവ് എന്നും ആണ് അർത്ഥം. ഈ മൂന്നു വാക്കുകളും കൂടി ചേരുമ്പോൾ യഹോവ എന്ന വാക്കിന് Self existing father of love who gives life എന്ന അർത്ഥം ലഭിക്കുന്നു. എബ്രായ ഭാഷയുടെ അർത്ഥ സമ്പുഷ്ടിയുടെ മഹത്വം ഈ ഒറ്റ ഉദാഹരണത്തിലൂടെ നമുക്കു ഗ്രഹിക്കാം. യഹോവ എന്നതിനെ ഹവയും HWH യും എഹ്‌യെ എന്നതിലെ ഹയയും HYH യും അനന്യങ്ങൾ (Identical) ആണ്. ഈ രണ്ടു വാക്കുകളുടെയും അർത്ഥങ്ങളും Identical ആണ്!
എഹ്‌യെ അശേർ എഹ്‌യെ എന്ന വാക്കുകൾ ദൈവത്തിന്റെ പ്രവർത്തിയെ കുറിക്കുന്ന വാക്കാണ്. അവൻ പ്രവർത്തിക്കുന്നു. ആർ അവനെ തടുക്കും? (ഇയ്യോ 9:12) ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? (യെശയ്യാ 43:13) ബലമുള്ള കൈ കൊണ്ടും (പുറ 13: 3, 9, 14) നീട്ടിയ ഭുജം (ആവ 5: 15; 7: 19; 9: 29) വലിയ ഭയങ്കര പ്രവർത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽ നിന്നു തനിക്കായി ചെന്നു എടുപ്പാൻ ഉദ്യമിച്ചിട്ടുണ്ടോ ? (ആവ 4:34) അതു നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും —— നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകല ജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും (ആവ 7:19). ഇരുമ്പ് ഉല എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന (1 രാജ 8:51) മിസ്രയീമിൽ നിന്നും തന്റെ സ്വന്തജനത്തെ പുറപ്പെടുവിച്ച ദൈവത്തിന്റെ പ്രവൃത്തിയുടെ മഹത്വവും വല്ലഭത്വവും അവന്റെ പരാക്രമത്തിന്റെ വീര്യവും എത്ര ശ്രേഷ്ഠം!
‘എഹ്‌യെ’ എന്ന വാക്ക് ദൈവത്തിന്റെ പ്രവർത്തിയെയും ‘യഹോവ’ എന്ന വാക്ക് ദൈവത്തിന്റെ സ്വഭാവത്തിന്റെയും (Character) പ്രദർശനമായിരിക്കുന്നു. അബ്രഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെ ദൈവമായ യഹോവ തന്റെ ജനത്തിനു സ്നേഹവാനായ പിതാവായി, സംരക്ഷകനായി, രക്ഷകാനായി, വിടുവിക്കുവാനായി വെളിപ്പെട്ടപ്പോൾ; അതേ ദൈവം ‘എഹ്‌യെ’ എന്ന നാമത്തോടു കൂടിയവൻ ന്യായം വിധിക്കുന്നവനായി, തകർക്കുന്നവനായി മിസ്രയിമ്യർക്കു വെളിപ്പെട്ടു!
ദൈവ സ്നേഹത്തിന്റെ പാരമ്യം കാൽവറിയിൽ വെളിപ്പെട്ടപ്പോൾ ദൈവകോപത്തിന്റെ പാരമ്യം തോഫെത്ത് എന്ന തീപ്പൊയ്കയിൽ വെളിപ്പെടുന്നു. ‘ഞാൻ ആകുന്നു’ എന്നു സാക്ഷൽ ‘എഹ്‌യെ’ ആയ യേശു റോമൻ പടയാളികളോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തു വീണു (യോഹ 18:4-8). മിസ്രയീം-റോമാ സാമ്രാജ്യങ്ങളുടെ സൈനിക ശക്തി അവിടുത്തെ മുമ്പിൽ ഏതുമില്ല. ഇനിയും വരുവാനിരിക്കുന്ന ഒരു രാജത്വവും അവന്റെ മുമ്പിൽ ഏതുമില്ല. ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കും വരെയും എഹ്‌യെ എന്ന പേരോടു കൂടിയവൻ ഭൂമിയിൽ ചരിത്രത്തിൽ ഇടപെട്ടു കൊണ്ടേയിരിക്കും! അന്നും അവൻ തന്റെ സ്വന്തജനത്തിന് യഹോവ-സ്‌നേഹവാനായ ജീവിപ്പിക്കുന്ന പിതാവ്- ആയിരിക്കും!! അവന്റെ നാമം എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ, ആമേൻ.





