
ഇനി എത്ര ദൂരം നടക്കണമെന്ന് എനിക്കറിയില്ല. കുറെയേറെ നേരമായി ഞാൻ ഈ ചുമടുമേന്തി നടക്കുന്നു. കാലുകളുടെ ബലം ക്ഷയിച്ചു പല തവണ വീഴുവാൻ തുടങ്ങുമ്പോഴും ചിന്തയിൽ വരുന്നത് ഒന്ന് മാത്രം. എന്നെ വിശ്വസിച്ചു കൂടെ കൊണ്ടുപോകുന്ന എന്റെ യജമാനൻ!! അദ്ദേഹം എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. പക്ഷേ, അതെന്റെ ജോലിയിലുള്ള ആത്മാർത്ഥ കണക്കിലെടുത്തണോ അതോ എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണോ എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം എനിക്ക് ഇപ്പോഴും ഇല്ല. എന്റെ യജമാനന് എന്നെക്കാൾ ആരോഗ്യവും, തടിമിടുക്കുമുള്ള സഹായികളെ വാങ്ങുവാൻ ആസ്തിയുള്ളയാളാണ്. എന്നിട്ടും എന്തുകൊണ്ട് അതിന് മുതിരുന്നില്ല എന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. ഉത്തരങ്ങളില്ല!!! ഇപ്പോഴത്തെ എന്റെ ആരോഗ്യസ്ഥിതി അല്പം മോശമായതിനാൽ എന്നെ ഇനിയെങ്കിലും ഉപേക്ഷിച്ചൂടേയെന്ന് ചോദിച്ച് പലരും എന്റെ യജമാനനെ പരിഹസിക്കാറുണ്ട്. അപ്പോഴെല്ലാം അദ്ദേഹം മൗനം പാലിക്കാറാണ് പതിവ്. ഇതിനെല്ലാം ഞാൻ സാക്ഷിയായതിനാലാണ് എന്റെ കുഞ്ഞിനേയും വയറ്റിൽ ചുമന്നുകൊണ്ട് ഞാൻ ഇദ്ദേഹത്തിന് വേണ്ടി എന്റെ വേദനകളെയും, ക്ഷീണത്തെയും എല്ലാം മറന്ന് അധ്വാനിക്കുന്നത്. എന്റെ യജമാനൻ പറയുന്നതെല്ലാം അനുസരിച്ച് കൂടെ നിന്നാൽ കിടക്കാൻ ഒരു സ്ഥലവും, കഴിക്കുവാൻ ഭക്ഷണവും ലഭിക്കും. അദ്ദേഹം എന്നെ ഉപേക്ഷിച്ചാൽ ഞാൻ അനാഥയാവും.
മറ്റുള്ളവർക്ക് വേണ്ടിയുള്ള എന്റെ ജീവിതം എന്ന് അവസാനിക്കും എന്ന് എനിക്കറിയില്ല. എന്റെ ദുഃഖത്തിലും, ക്ലേശങ്ങളിലും എന്നെ ആശ്വസിപ്പിക്കുവാൻ എനിക്ക് ആരും ഇല്ല. അപ്പനില്ല, അമ്മയില്ല, സഹോദരങ്ങളും ഇല്ല. ഇപ്പോൾ എനിക്ക് ആകെ ഉള്ളത് എന്റെ വയറ്റിൽ വളരുന്ന ജീവനാണ്. അവന്റെ ജീവിതമെങ്കിലും എന്റെപോലെ ആവരുത് എന്നൊരു ആഗ്രഹം മാത്രമേ എനിക്കുള്ളൂ. ഇതെല്ലാം ചിന്തിച്ചു നടന്നതിനാൽ വീട് എത്തിയ വിവരം ഞാൻ അറിഞ്ഞില്ല. സാവധാനം ചുമടെല്ലാം ഇറക്കി വിശ്രമിക്കുവാൻ വേണ്ടി തുടങ്ങുമ്പോൾ, ശരീരമാശകലം അതിയായ വേദന അനുഭവപ്പെട്ടു, അടിവയറ്റിൽ ഒരു വേദന, ഏന്തിയും വലിഞ്ഞും ഞാൻ തൊഴുത്തിൽ എത്തി. എന്റെ കുഞ്ഞ് പുറത്ത് വരാൻ പോകുന്നു എന്ന യാഥാർഥ്യം ഞാൻ മനസിലാക്കുമ്പോഴേക്കും, അവൻ പുറത്ത് വന്നിരുന്നു. എന്റെ വേദനകളെല്ലാം ആ സന്തോഷത്തിൽ അലിഞ്ഞു. അവന്റെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ, ഇതുവരെയുള്ള എന്റെ കഷ്ടപാടുകളും, ദുഃഖങ്ങളും ഞാൻ മറന്നു!!
പിന്നിടുള്ള അവന്റെ വളർച്ചയിൽ ഞാൻ എന്റെ സന്തോഷം കണ്ടെത്തി. അപ്പോഴും ഒരു പേടി എന്നെ അലട്ടികൊണ്ടേയിരുന്നു. എന്നെങ്കിലും ഒരിക്കൽ അവനും എന്നെ പോലെ ആയിത്തീരും- മറ്റുള്ളവർക്ക് വേണ്ടി ചുമടു ചുമക്കുവാൻ അവന്റെയും ജീവിതം മാറ്റിവയ്ക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾഎന്റെ ഉള്ളിലെ നീറ്റൽ വലുതായിക്കൊണ്ടിരുന്നു. ചിലപ്പോൾ ഞാൻ ചിന്തിക്കും അവൻ വളരേണ്ട, ഇതുപോലെ കുഞ്ഞ് കുട്ടിയായി ഇരുന്നാൽ മതിയായിരുന്നു എന്ന്. പക്ഷെ എന്റെ കണ്ണിന്റെ മുന്നിൽ അവൻ വളർന്നുകൊണ്ടിരുന്നു. എന്റെ കഷ്ടപ്പാടുകളും, ദുരിതങ്ങളും അല്പമല്പമായി അവന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ അവനു പറഞ്ഞു കൊടുത്തു. ഒരിക്കൽ ഞങ്ങൾ പരസ്പരം പിരിയേണ്ടി വരുമെന്നും ഞാൻ അവനെ മനസിലാക്കിയിരുന്നു.
ഒരു ദിവസം, രണ്ട് പേർ വന്നു എന്റെ കുഞ്ഞിനെ അഴിച്ച് കൊണ്ട് പോകുന്നത് ഞാൻ കണ്ടു. എനിക്ക് ഒന്നും ചെയ്വാൻ കഴിഞ്ഞില്ല. നിസ്സഹായായി നോക്കി നില്കുവാനല്ലാതെ എനിക്ക് ഒന്നും സാധിച്ചില്ല…. വാവിട്ട് കരഞ്ഞു…. തിരിഞ്ഞ് എന്നെ നോക്കി കരഞ്ഞു കൊണ്ട് എന്റെ കണ്ണിന്റെ ദൃഷ്ടിയിൽ നിന്നും അവനും മറഞ്ഞു.
അവന്റെ ജീവിതവും ഇനി ദുരിതപൂർണമായി തീരുമല്ലോ എന്നോർത്തപ്പോൾ, സങ്കടം സഹിക്ക വയ്യാതെ ഞാൻ അലറി കരഞ്ഞു. എന്റെ കരച്ചിലുകൾ ആ വായുവിൽ അലിഞ്ഞു ചേർന്നില്ലാതെയായി!
ചില ദിവസങ്ങൾക്ക് ശേഷം, വലിയ ആർപ്പ് വിളിയും, ആരാവാരങ്ങളും മുഴങ്ങി കേട്ടു. ഇതിനു മുൻപ് ഇതുവരെ അങ്ങനെ ഒരു ശബ്ദം ഞാൻ കേട്ടിട്ടില്ല. ശബ്ദം എന്നിലേക്ക് അടുത്തുക്കൊണ്ടിരുന്നു. “ഹോശന്ന” എന്നൊരു വാക്ക് വ്യക്തമായി മുഴങ്ങി കേട്ടു. ജനനിബിഡമായ ആ തെരുവിലേക്ക് അടുത്തപ്പോൾ എന്റെ കണ്ണുകൾക്ക് ആ കാഴ്ച്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ല. പ്രൗഡഗംഭീരമായ യാത്രയിൽ, എന്റെ മകന്റെ, കേവലം ഒരു കഴുതകുട്ടിയുടെ പുറത്ത് അവനെയും എന്നെയും സൃഷ്ടിച്ച, സൃഷ്ടാവിനെ ഞാൻ കണ്ടു. സൗമ്യനായി, താഴ്മയുള്ളവനായി യേശു… എന്റെ കണ്ണുകൾ യേശുവിന്റെ കണ്ണുകളിൽ ഉടക്കി! കണ്ണുനീർ അറിയാതെ ധാരധാരയായി ഒഴുകി! അദ്ദേഹം ഒരു ചെറുപുഞ്ചിരി എനിക്ക് നൽകി! ഒരു അദൃശ്യസന്ദേശം പോലെ, ആ ചിരി എന്റെ ഉള്ളത്തിൽ ഒരു ചെറുകിരണം പോലെ ആഴ്ന്നിറങ്ങി! ഉള്ളിലെ ആധിയുടെ മഞ്ഞുമലകൾ പാടെ ഉരുകിമാറി! എന്റെ മകൻ എന്നതിനേക്കാൾ എന്റെ സൃഷ്ട്ടാവിനെ ഞാൻ കണ്ടു എന്ന നിറഞ്ഞമനസോടെ ഞാൻ അവിടെ നോക്കി നിന്ന്! അവർ യെരുശലേം നഗരത്തിലേക്ക് രാജകീയമായി കയറിപ്പോയി…….!





