ഇന്നീ കാണുമഖിലാണ്ഡത്തിൽ,
ഒരുവൻ മറ്റൊരുവന് ചെയ്യും കർമ്മത്തിൽ
പ്രത്യുപകാരമായൊന്നുമേ ചെയ്യുന്നില്ലെങ്കിലവനെ;
ഭോഷനായെണ്ണീടുമീ യുഗത്തിൽ
പകരമായി ഒന്നും ആരാഞ്ഞിടാതെ
സകല സൃഷ്ടിയുടെയും ഉടയവനാം;
എന്നെയും, നിന്നെയും മെനഞ്ഞവനാം ക്രിസ്തുവോ,
നല്കിയതാം ദാനമല്ലോ ഈ നിത്യത!

എന്താണീ നിത്യതയെന്നറിയാത്തവരായി പലരുമീ
ഭൂമുഖത്ത് വാണീടുമ്പോൾ
ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി
ഒരുക്കീട്ടുള്ളതാം ഈ സൗഭാഗ്യത്തെ
എങ്ങനെ ലക്ഷ്യമാകാമെന്ന് നീ അറിയാതിരുന്നീടല്ലെ!

ആത്മാവിൻ ഫലം പ്രാപിച്ചീടേണം
അവയെന്തൊക്കെയെന്നാൽ സ്നേഹം,
സന്തോഷം, സമാധാനം, ദീർഘക്ഷമ,
ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത
ഇവയിൽലെല്ലാമുപരിയായി ഇന്ദ്രീയജയവും!

വിട്ടകന്നീടേണം നീ മുഴുവനായി
ജഡത്തിൻ മോഹങ്ങളേ, അതിൻ പ്രവൃത്തികളെ!
പിന്നെയും ദൈവം പറഞ്ഞീടുന്നല്ലോ:
“ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കേണമെന്ന്”
വിശുദ്ധിയുടെ പേരിൽ നീ മാറാപ്പ് പുതച്ചു നടന്നീടുമ്പോഴും
ഓർത്തീടേണം നിൻ ലക്ഷ്യത്തെ, നിൻ ദൗത്യത്തെ!
ക്രിസ്തുവിൻ സാക്ഷിയായി ജീവിച്ചീടേണമെന്നുള്ളതുപോലെ
അവനായ് ലക്ഷങ്ങളെ അനുയായികളായി നേടേണമെന്നുള്ളതും
നിൻ കടമയത്രേ!

ഇവയെല്ലാമല്ലോ നിത്യതയിലേക്ക് നമ്മെ ഒരുക്കുന്നത്,
നിന്നോട്ടം നീ പൂർണമായി തികച്ചീടുന്നുവെങ്കിൽ
ദൈവം നിനക്കായ് വെച്ചിട്ടുള്ള കിരീടങ്ങൾ-
നിത്യതയിൽ പ്രാപിച്ചീടുമൊപ്പം തന്നെ.
നിത്യമായി നിൻ ജീവിതം നിന്നെ പടച്ചവനൊപ്പം
കഴിക്കാമെന്നതിലുപരി വേറെന്ത് ലഭിച്ചീടേണം
നിൻറെ വിശ്വാസജീവിതത്തിൽ!