സ്വർഗ്ഗം യെഹൂദാ ദാർശനികതയിൽ
പാസ്റ്റർ സണ്ണി പി. സാമുവേൽ, റാസ് അൽ ഖൈമ
സ്വർഗ്ഗം അഥവാ സ്വർഗ്ഗരാജ്യം എന്നത് യെഹൂദാ മതദാർശനികതയിൽ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. ‘മൽഖൂത്ത് ഹ’ഷമായിം’ എന്നാണ് എബ്രായ ഭാഷയിൽ സ്വർഗ്ഗരാജ്യം എന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. യോഹന്നാൻ സ്നാപകൻ്റെ മരുപ്രസംഗത്തിൻ്റെ താക്കോൽ വാക്കും അതായിരുന്നുവല്ലോ. ഹ’ഷമായിം എന്നതിലെ ‘ഹ’ എന്ന പ്രത്യയം സുനിശ്ചിത ക്രിയയായ (definite article) the എന്നതിനെയാണ് കുറിക്കുന്നത്. ഇംഗ്ലീഷിലെ പോലെ തനിയെ അഥവാ സ്വതന്ത്രമായി നില്ക്കുന്ന ഒരു വാക്കല്ല ‘ഹ’ എന്ന the. മറിച്ച് അത് വാക്കുകളോടു ചേർന്നു വരുന്ന പൂർവ്വ പ്രത്യയം (prefix) ആണ്. ആ നിലയിൽ ഹ’ഷമായിം എന്ന എബ്രായ വാക്കിന് ഇംഗ്ലീഷിൽ ‘the heaven’ എന്നാണർത്ഥം. സാധാരണയായി ഷമായിം എന്ന വാക്ക് ബഹുവചന രൂപത്തിൽ the heavens എന്നാണ് അർത്ഥമാക്കുന്നത്. (ഉല്പത്തി 1:1 ഇംഗ്ലീഷിൽ വായിക്കുക) കാരണം ഷമായിം എന്ന വാക്കിന് ബഹുമുഖ അർത്ഥതലങ്ങൾ (Dual meaning) എബ്രായ ഭാഷയിൽ ഉണ്ട് എന്നത് തന്നെ കാരണം.
വാക്കിൻ്റെ ഉൽഭവം
Samay എന്നും Mayim എന്നും രണ്ടു മൂല വാക്കുകൾ ചേർന്നാണ് ഷമായിം എന്ന വാക്ക് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ‘Samay’ എന്നത് ഒരു അക്കേഡിയൻ വാക്കാണ് എന്നു പറയപ്പെടുന്നു. അതിന് ആകാശം (sky) ഉയർന്നത് (lofty) എന്നൊക്കെയാണ് അർത്ഥം. ‘Mayim’ എന്ന എബ്രായ വാക്കിന് വെള്ളം എന്നാണർത്ഥം. രണ്ടു വാക്കുകളും ചേർന്ന ഷമായിം എന്ന വാക്കിന് മീതേയുള്ള വെള്ളം, വിതാനത്തിലുള്ള വെള്ളം എന്നിങ്ങനെ അർത്ഥം കല്പിക്കാം.
ഷമായിം എന്ന വാക്ക് ആദ്യം ഉച്ചരിച്ചത് ദൈവം ആണ് എന്ന് ഉല്പത്തി 1:8 ൽ നിന്നും നാം മനസിലാക്കുന്നു. “ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു.” വിതാനം എന്നതിന് ‘raqia’ എന്ന എബ്രായ വാക്കാണ് ഉപയോഗിച്ചിരിക്കുന്നതു. വിതാനത്തിന് മീതേയുള്ള വെള്ളത്തിന് ഷമായിം എന്നു പേരിട്ടു. വിതാനത്തിനു കീഴെയുള്ള വെള്ളം ഭൂമിയിൽ ഒരു സ്ഥലത്തു കൂടട്ടെ എന്നു ദൈവം പറഞ്ഞു. അങ്ങനെ സംഭവിച്ചു. അതിന് സമുദ്ര ജലം അഥവാ യാമീം (Yammim) എന്നു പേരിട്ടു. വിതാനത്തിനു മീതേയുള്ള വെള്ളം അവിടെ നീലസമുദ്രം പോലെ ആയിരിക്കുന്നുവെന്നും അതിൽ ജലപ്രളയം ഉണ്ടാകുമ്പോൾ ഭൂമിയിൽ മഴ പെയ്യുന്നു എന്നുമായിരുന്നു യഹൂദാ സങ്കല്പം.
പ്രപഞ്ചം യഹൂദാ ദാർശനികതയിൽ
യെഹൂദാ ദാർശനികത പ്രപഞ്ചത്തെ പ്രധാനമായും മുന്നായിട്ടായിരുന്നു തരംതിരിച്ചിരുന്നത്. സ്വർഗ്ഗം (Shamayim) ഭൂമി (Eretz) പാതാളം (Sheol) എന്നിവയായിരുന്നു അവ. അവയെക്കുറിച്ചു വിശദമായി ചിന്തിക്കാം.
1) സ്വർഗ്ഗം: ഹ’ഷമായിം എന്ന വാക്ക് ബഹുവചന രൂപത്തിലാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത് എന്നു സൂചിപ്പിച്ചുവല്ലോ. ഷമായിമിന് ആകാശ മണ്ഡലം, നക്ഷത്രം മണ്ഡലം, സ്വർഗ്ഗാധി സ്വർഗ്ഗം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഉണ്ട്. അഥവാ ആകാശ മണ്ഡലം, നക്ഷത്ര മണ്ഡലം, സ്വർഗ്ഗം, എന്നിവയ്ക്ക് പൊതുവായി ഹ’ഷമായിം എന്ന വാക്കാണ് ഉപയോഗിക്കുന്നത്. സാന്ദർഭികമായിട്ടാണ് ഓരോന്നും ഏതാണെന്ന് വായനക്കാരും കേൾവിക്കാരും തിരിച്ചറിയേണ്ടിയിരിക്കുന്നത്. ആയതിലാണ് ഉല്പ 1:1-ൽ നാം the heavens എന്നു കാണുന്നത്. സ്വർഗ്ഗത്തിലും സ്വർഗ്ഗാധി സ്വർഗ്ഗത്തിലും എന്നിങ്ങനെ വേർതിരിച്ചുള്ള പ്രയോഗം ആവ 10:14; 1 രാജ 8:27; 2 ദിന 2:6,18; നെഹെ 9:6; സങ്കീ:68:33; 148:4; എഫേ:4:10 എന്നീ വാക്യങ്ങളിൽ കാണുന്നു. സ്വർഗ്ഗാധി സ്വർഗ്ഗത്തെ മൂന്നാം സ്വർഗ്ഗം എന്നാണ് 2 കൊരി: 12:12-ൽ വർണ്ണിച്ചിരിക്കുന്നത്.
സ്വർഗ്ഗാധി സ്വർഗ്ഗം എന്ന മൂന്നാം സ്വർഗ്ഗം ദൈവത്തിൻ്റെ വാസസ്ഥലവും ദൈവ സിംഹാസനങ്ങൾ (വെളി:5:6,13;7:9,10;22:1,3) സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിശുദ്ധ സ്ഥലവുമാണെന്നു ബൈബിൾ പഠിപ്പിക്കുന്നു. അതോടൊപ്പം തന്നെ ദൈവദൂത സഞ്ചയങ്ങൾ പാർക്കുന്നിടമായും, ദൂതവ്യൂഹം അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക ദൗത്യങ്ങൾക്കായി സമ്മേളിക്കുന്ന ന്യായ വിസ്താര സഭ കൂട്ടുന്ന ദർബാർ സദസ് ആയിട്ടും ബൈബിൾ വിവരിക്കുന്നു. (1 രാജ:22:19-22; 1 ദിന:18:18). ഭോഷ്ക്കു പ്രവചിക്കുന്ന ആത്മാക്കൾ പോലും ദൈവത്തിൻ്റെ ആധിപത്യത്തിൻ കീഴിൽ ആണെന്നും തൻ്റെ പ്രവർത്തനപദ്ധതിക്കായി ദൈവം അവയെ ഉപയോഗിക്കുന്നു എന്നും ഇതിൽ നിന്നും നാം മനസ്സിലാക്കുന്നു. ഭൂമിയിൽ ഒക്കെയും ഊടാടി സഞ്ചരിക്കുന്ന സാത്താനും അവൻ്റെ ദൂതന്മാരായ ദുരാത്മാക്കളും സ്വർഗ്ഗാധി സ്വർഗ്ഗത്തിൽ പാർക്കുന്നു എന്നോ അവർ സ്വർഗ്ഗത്തിൽ ചെന്നു എന്നോ അല്ല നാം അർത്ഥമാക്കേണ്ടത്. “യഹോവ സകലത്തെയും തൻറെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.” (സദൃശ: 16:4). “കർത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു? (വിലാപ 3:37). ഹ’ഷമായിം നിത്യജീവൻ്റെ ഇടമാണ്.
2) ഭൂമി (Eretz): ഭൂമിക്ക് എബ്രായഭാഷയിൽ എരെറ്റ്സ് എന്നാണ് പറയുന്നത്. അതു ജീവിച്ചിരുന്നവരുടെ നിവാസ സ്ഥലമാണ്. അതിനാൽ ഭൂമിയെ “ജീവനുള്ളവരുടെ ദേശം” എന്നാണ് ബൈബിൾ പരിചയപ്പെടുത്തുന്നത് (ഇയ്യോ 28:13; സങ്കീ 27:13; 52:5; 116:9; യെശയ്യ: 53:8; യിരെ: 11:19; യെഹെ: 26:20; 32:2-37).
3) ഷിയോൾ (പാതാളം): മരിച്ചു പോയവരുടെ വാസസ്ഥലമാണ് ഷിയോൾ. ഷിയോളിനു രണ്ടു ഭാഗങ്ങൾ ഉണ്ടെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. പാതാളം (ഷിയോൾ) അധമ പാതാളം (തഹ്തി ഷിയോൾ) (സങ്കീ: 86:13) എന്നിവയാണ് അവ. മരിച്ചു പോയ നീതിമാന്മാരുടെ ആത്മാക്കളെ പാർപ്പിച്ചിരിക്കുന്ന സ്ഥലമാണ് ഷിയോൾ (ഉല്പ: 37: 35; 42:38; 44:29). മരിച്ചു പോയ ദുഷ്ടന്മാരുടെ ആത്മാക്കളെ തടവിലാക്കിയിരിക്കുന്ന സ്ഥലമാണ് തഹ്തി ഷിയോൾ. നീതിമാന്മാരുടെ ആത്മാക്കൾ നിവസിക്കുന്ന ഷിയോളിന് അബ്രഹാമിൻ്റെ മടി എന്നും തഹ്തി ഷിയോളിനു യാതനാസ്ഥലം എന്നും പേർ പറയുന്നു എന്നു നമ്മുടെ കർത്താവു തന്നെ പഠിപ്പിച്ചിരിക്കുന്നു. (ലൂക്കോ: 16:19-31).
ഷിയോളും തഹ്തി ഷിയോളും താൽക്കാലിക പാർപ്പിടങ്ങൾ മാത്രമാണെന്നും ബൈബിൾ പഠിപ്പിക്കുന്നു. യേശു കർത്താവിൻ്റെ ഉയർത്തെഴുന്നേൽപ്പോടു കൂടെ അബ്രഹാമിൻറെ മടി എന്ന വാസസ്ഥലം, അഥവാ വാസസ്ഥലം അവിടെ നിന്നും മാറ്റപ്പെട്ടുവെന്നു ബൈബിൾ പഠിപ്പിക്കുന്നു. അന്ത്യന്യായവിധിക്കു ശേഷം തഹ്തി ഷിയോൾ ഒപ്പം ദുഷ്ടന്മാരായവരും തീപ്പൊയ്കയിൽ തള്ളിയിടപ്പെടും. ഇതു രണ്ടാം മരണം. (വെളി: 20:11-15).
ഒരുവൻ ജീവനുള്ളവരുടെ ദേശത്ത് ആയിരുന്നപ്പോൾ എങ്ങനെ ജീവിച്ചു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഷിയോളിലേക്കാണോ തഹ്തി ഷിയോളിലേക്കാണോ പോകുന്നത് എന്നു തീരുമാനിക്കപ്പെടുന്നത്. ഒരുവൻ മരിച്ചു കഴിഞ്ഞു ഷിയോളിലോ തഹ്തി ഷിയോളിലോ ചെന്നു ചേർന്നു കഴിഞ്ഞാൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആർക്കും അവരെ പ്രാർത്ഥനയിലൂടെയോ മരണാന്തര ക്രിയകളിലൂടെയോ ഭൂമിയിലേക്കോ എതിരെയുള്ള വിശ്രമ സ്ഥലത്തോ യാതന സ്ഥലത്തോ എത്തിക്കുവാൻ കഴിയുകയില്ലെന്നു ബൈബിൾ അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു.
മരണം, മരണാന്തര ജീവിതം എന്നീ വിഷയങ്ങളിൽ സുവിശേഷ വിഹിത സഭകൾ ഈ ഉപദേശങ്ങളും പഠിപ്പിക്കലുകളുമാണ് പിന്തുടരുന്നത്. ഇതിനു വിരുദ്ധമായുള്ള യാതൊരു വിധ ഉപദേശങ്ങളും ദൈവികമോ ദൈവ വചനാധിഷ്ഠിതമോ അല്ല. വിജാതിയ മര്യാദകളോ പുറജാതി കെട്ടുകഥകളോ ഈ വിഷയത്തിൽ കൂട്ടി ചേർക്കുവാൻ പാടില്ല. കാരണം ഇത് നിത്യജീവന്നു ഹേതുവാകുന്നു.
എന്നാൽ ഈ തിരുവചന സത്യങ്ങൾക്കു വിരുദ്ധമായ ദുരുപദേശങ്ങൾ യെഹൂദന്മാർക്കിടയിൽ തന്നെ മൊട്ടിട്ടു വളർന്നു എന്നത് ഒരു സത്യമാണ്. എ.ഡി. ഒന്നാം സഹസ്രാബ്ദത്തിൽ യെഹൂദാ സമൂഹത്തിൽ പടർന്നു പന്തലിച്ച റബ്ബിനിക്ക് ജൂഡായിസവും, രണ്ടാം സഹസ്രാബ്ദത്തിൽ നിർണ്ണായക ആത്മിക സ്വാധീനം ചെലുത്തിയ കബ്ബാലിസ്റ്റ് മൂവ്മെന്റും മോശൈക ജൂഡായിസത്തെ തകിടം മറിച്ച ദുരൂപദേശ – വ്യാജ ആത്മിക പ്രസ്‌ഥാനങ്ങൾ ആയിരുന്നു. റബ്ബിനിക്ക് ലിഖിതങ്ങൾ (Rabbinical Literature) വികലമായ ബൈബിൾ വ്യാഖ്യാനങ്ങളുടെ കേദാര്യ കൂടാരങ്ങൾ ആയിരുന്നു. കർത്താവിൻ്റെ കാലത്തു തന്നെ ഇവരുടെ വേരോട്ടം ആരംഭിച്ചിരുന്നു. അന്ധ വഴികാട്ടികൾ എന്നാണ് യേശു കർത്താവ് ഇവരെ പരിഹസിച്ചത്. മാത്രമല്ല ഉപദേശത്തിൽ യെഹൂദൻ തകിടം മറിഞ്ഞു പോയിയെന്നു അവിടുന്നു പ്രസ്താവിക്കുകയും ചെയ്തു. “നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വച്ചിരിക്കുന്ന മോശെ തന്നെ.—– എന്നാൽ അവൻ്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല” (യോഹ:5:45-47). മോശെയുടെ എഴുത്ത് എന്നു വിവക്ഷിക്കുന്നത് യെഹൂദൻ തോറ എന്നു വിളിക്കുന്ന ന്യായപ്രമാണത്തെയാണ്. അർത്ഥശൂന്യവും അബദ്ധജഡിലവും ഉപരി ബൈബിൾ വിഭാവനം ചെയ്യാത്ത അസത്യ വ്യാഖ്യാനങ്ങളിലൂടെ അവർ ന്യായപ്രമാണത്തിൻ്റെ അന്ത:സത്തയും നിസ്തുല്യതയും നിസ്സാരവൽകരിച്ചു.
‘കബ്ബാലിസം’ കുറെക്കൂടെ അപകടകാരിയായിരുന്നു. അവർ ഹഠായോഗാത്മകതയിൽ (mysticism) ഊന്നി വിദൂരസ്ഥനായ ദൈവത്തെ (transcendent God) തേടി പോയി. തോറ, മിസ്റ്റിസിസം, കോസ്മോളജി, മിസ്റ്റിക്കൽ സൈക്കോളജി എന്നിവയുടെ സംഘടിത തത്വചിന്തയായിരുന്നു കബ്ബാലിസം. ഉച്ചാടനം (Exorcism) മാന്ത്രിക വിദ്യ (Occultic knowledge) എന്നിവയിൽ അവർ പ്രാവീണ്യം നേടി. Zohar ആയിരുന്നു അവരുടെ വേദപുസ്തകം. ഷിമോൻ ബെർ യോഹായ് ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.
ഇവരുടെ പഠിപ്പിക്കലുകളും അതീന്ദ്രിയ ജ്ഞാനവും എല്ലാം കൂടി ചേർന്നപ്പോൾ ആധുനിക യൂദായിസം വല്ലാത്ത ഒരു മതഭേദമായി മാറിയിരിക്കുന്നു. എന്നിരുന്നാലും ഒരു ന്യുനപക്ഷം സത്യത്തിനു വേണ്ടി നിലകൊള്ളുന്നു എന്നതും ആശാവഹമാണ്.
റബ്ബിനിക്ക് ലിഖിതങ്ങളും കബ്ബാലിസ്റ്റ് യോഗാത്മകതയും ചേർന്ന് യെഹൂദാ വേദശാസ്ത്രത്തിൽ ഏഴു സ്വർഗ്ഗങ്ങൾ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. മനുഷ്യൻ്റെ ഭാവനാ സമ്പന്നതയും സാങ്കല്പികതയും വിജാതീയ പഴമ്പുരാണങ്ങളും നാടോടിക്കഥകളും (folklores) തന്മയത്വത്തോടെ ഇഴചേർത്തു തുന്നിയപ്പോൾ അവയ്ക്കു വായനീയതയും ആസ്വാദ്യതയും കൈവന്നു. ക്രൂശിക്കപ്പെടുവാനായി ജനിച്ച ക്രിസ്‌തുവിനെ ക്രിസ്തുമസ് സന്ദേശത്തിൽ നിന്നും സാന്റാക്ലോസ് എന്ന കോമാളി അപ്പൂപ്പൻ ആദേശം ചെയ്തു ക്രിസ്തുമസ് എന്ന ദൈവിക ദാനം സോപ്പ് ചീപ്പ് കണ്ണാടി ചാന്ത്, പൊട്ട് എന്നീ കച്ചവടവൽക്കരണമായി മാറിയതുപോലെ; ന്യായപ്രമാണത്തിൻറെ അന്തസ്സത്തയെയും ആധികാരികതയെയും റബ്ബിനിസവും കബ്ബലിസ്സവും ചേർന്നു തമസ്കരിച്ചു കളഞ്ഞു. തൽഫലമായി ഏഴു സ്വർഗ്ഗങ്ങളും അവയ്ക്കായി എട്ടു പ്രധാന ദൂതന്മാരും നിലവിൽ വന്നു. ഏഴാം സ്വർഗ്ഗമായി കണക്കാക്കപ്പെടുന്ന അതിവിശുദ്ധസ്ഥലമായ ദൈവസിംഹാസനം സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഇടം അരാബോത്ത് എന്നു പേർ വിളിക്കപ്പെടുന്നു. അവിടം പ്രധാന ദൂതനായ കാസ്സിയേലിൻറെ (Cassiel) വാഴ്ചയുടെ അഥവാ ലീഡർഷിപ്പിൻ്റെ കീഴിലാണ്.(കഷ്ടം കർത്താവിന് അവിടെയും സ്ഥാനമില്ല). വാമൊഴി ന്യായപ്രമാണം (ORAL TORAH) എന്ന സങ്കല്പത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന വികല്പങ്ങൾ ആണിവ. ബൈബിളിൽ ഇതിനു തെളിവ് ഉണ്ടോ എന്നു ചോദിച്ചാൽ അയ്യോ അത് ജ്ഞാനികളുടെ വെളിപ്പാടുകളും പഠിപ്പിക്കലുകളും ആണ് എന്നായിരിക്കും മറുപടി.
ആധുനിക യെഹൂദൻ പുനർജന്മങ്ങളിലും ആത്മാക്കളുടെ ദേഹാന്തര പ്രപ്തിയിലും (transmigration) വിശ്വസിക്കുന്നു എന്നു കേട്ടാൽ അതിശയിക്കരുത്, അമ്പരക്കരുത്. അതു അവരുടെ വേദശാസ്ത്രശാഖയുടെ ഒരു ഭാഗമാണ്. മോശെയുടെ പഞ്ചഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന 613 നീതി സൂക്തങ്ങൾ ഭൂമിയിൽ അനുഷ്ടിക്കാത്തവർ വരുവാനിരിക്കുന്ന ലോകത്തിൽ കാണുകയില്ല. ന്യായപ്രമാണത്തിനു നീക്കം വരാത്തതിനാൽ യെഹൂദൻ 613 കൽപനകൾ പൂർത്തികരിക്കാതെ മരിച്ചാൽ അവർ പുനർജ്ജനിക്കുന്നു പരകായ പ്രവേശനം നടത്തുന്നു. 613 നീതി സൂക്തങ്ങൾ പൂർത്തീകരിക്കുന്നതു വരെ പുനർജ്ജനനി പ്രക്രീയയും ജന്മാന്തരങ്ങളും തുടർന്നു കൊണ്ടേയിരിക്കും. ഗിൽഗുൽ (ഗിൽഗലിം ബഹുവചനം) എന്നാണ് ഈ സങ്കപ്പത്തിൻറെ പേര്. ചക്രം (wheel) എന്നർത്ഥം. ആത്മാക്കൾ ജന്മാന്തരങ്ങളിലൂടെ മോക്ഷ പ്രാപ്തിക്കായി പുനർജ്ജനിക്കുകയും വ്യത്യസ്തങ്ങളായ മനുഷ്യശരീരങ്ങൾ തേടുന്നുവെന്നും ചുരുക്കം! മെറ്റെം സൈക്കോസിസ് (Metempsychosis) എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. മനുഷ്യാത്മാവ് മൃഗശരീരത്തിൽ വരെ പ്രവേശിപ്പാൻ സാദ്ധ്യതയുണ്ടെന്നാണ് ഇവരുടെ വാദം.
സഭപിതാക്കന്മാരുടെ പഠിപ്പിക്കലുകൾ എന്ന പേരിൽ ഇത്തരം അബദ്ധങ്ങൾ പുതിയനിയമ സഭയിലും നുഴഞ്ഞു കയറിയിട്ടുണ്ടെന്നു നമുക്കറിയാം. അവയ്‌ക്ക് എതിരെ വേലികെട്ടിയും പ്രതിരോധം തീർത്തും നവീകരണ സുവിശേഷ വിഹിത സഭകൾ ഉപദേശത്തിൻറെ തനിമയിലും സംശുദ്ധിയിലും മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് അവിടെയും ദുരുപദേശങ്ങളുടെ നീരാളിക്കൈകൾ രഹസ്യമായി നുഴഞ്ഞുകയറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ബൈബിൾ വിവക്ഷിക്കാത്ത, കർത്താവ് ഉപദേശിക്കാത്ത, അപ്പോസ്‌തോലന്മാർ പഠിപ്പിക്കാത്ത ഉപദേശങ്ങൾക്ക് എതിരെ സഭ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഇതു നിത്യജീവൻ്റെ വിഷയമാണ്. അതിൽ കലർപ്പു ചേർന്നാൽ, ലാഘവത്വം ഉപദേശിച്ചാൽ ഫലം തലമുറയുടെ നാശം ആയിരുക്കും. ദുരുപദേശങ്ങളുടെ കാറ്റിനാൽ ആടിയുലഞ്ഞു ഒഴുകിപ്പോകാതെയിരിപ്പാനായി അടിസ്ഥാന ഉപദേശങ്ങൾ തലമുറകൾക്കു കൈമാറുവാനായി നമുക്കു ഒരുങ്ങാം. ദൈവം അതിനു കൃപ ചെയ്‌തുമാറാകട്ടെ ആമേൻ.





