ഹീബ്രു എന്ന ശുദ്ധ ഭാഷ

പാസ്റ്റർ സണ്ണി പി. സാമുവൽ റാസ്‌ അൽ ഖൈമ.

എബ്രായ ഭാഷയെ (ഇവ്റിത്) ‘ലെഷോൻ ഹ’കോദേശ്’ എന്നാണ് യെഹൂദൻ വിളിക്കുന്നത്. വിശുദ്ധ ഭാഷ എന്നാണ് അതിന്റെ അർത്ഥം. നമ്മൾ അത്രയും കടന്നു അംഗീകരിക്കുന്നില്ലെങ്കിലും അതിൽ ചില സത്യങ്ങൾ ഇല്ലാതെയുമില്ല. അതിനാലാണ് വിശുദ്ധ (Holy) എന്ന വാക്ക് ഒഴിവാക്കി ശുദ്ധ (clean) എന്ന വാക്ക് തലക്കെട്ടിൽ നല്കിയിരിക്കുന്നത്. ഇന്ത്യയിൽ സംസ്കൃതത്തെ ‘ദേവഭാഷ’ എന്നു പറഞ്ഞു ബഹുമാനിക്കുന്നതിൽ അഥവാ ഉപരിയാണ് യെഹൂദൻ ഇവ്റീത്തിന്റെ മഹത്വത്തിൽ ഊറ്റം കൊള്ളുന്നത്. അതിനായി അവർ നിരത്തുന്ന എല്ലാ ന്യായങ്ങളും നമുക്കു സ്വീകാരം അല്ല എങ്കിലും അവ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഇവ്റീത് അത്യന്തം സമർഥമായ (Extremely Potent) ഭാഷയാണ്. അതിന്റെ അർത്ഥവും വ്യാപ്തിയും അത്രയ്ക്കും ആഴമേറിയതാണ്. വായനയിൽ അതിന്റെ കാവ്യാത്മകത ശ്രുതിമനോഹരമാണ്. അതിന്റെ താളത്തിൽ അക്ഷരസ്ഫുടതയോടും വാക്കുകൾ തെറ്റാതെയും ബൈബിൾ ‘ക്ലാസിക്കൽ ഹീബ്രു’വിൽ വായിക്കുന്നവൻ ജ്ഞാനിയും വിവേകിയുമായി തീരുകയാണ്.

ബാബേൽ ഗോപുര നിർമ്മിതിയോടു കുടെയാണല്ലോ മനുഷ്യന്റെ ഭാഷ കലങ്ങുകയും വൈവിദ്ധ്യമാർന്ന ഭാഷകൾ ഉടലെടുക്കുകയും ചെയ്തത്. അതുവരെ ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു (ഉല്പ:11:1). അതായത് ഇന്ന് ഒരു വാക്ക് വിവിധ ഭാഷകളിൽ വ്യത്യസ്‌ത അർഥത്തിലാണ് വരുന്നത്. എന്നാൽ ബാബേൽ വരെ അങ്ങനെയല്ലായിരുന്നു. അന്നു വരെ ഭൂമിയിലെ സകല മനുഷ്യരും സംസാരിച്ചിരുന്ന ഏകലോക ഭാഷ ബൈബിൾ രചിക്കപ്പെട്ട ഭാഷയായ ക്ലാസിക്കൽ ഹീബ്രു ആയിരുന്നു എന്നാണ് യെഹൂദൻ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. ഉല്പ:11:1 വ്യാഖ്യാനിച്ച് റാഷി തന്റെ മിഡ്രാഷ് തൻഖ്മയിൽ അങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിശുദ്ധഭാഷയുടെ അപരിമേയമായ ശക്തികൊണ്ടാണ് ബാബേൽ ഗോപുരം അതിന്റെ പ്രാഥമിക ഘട്ടത്തിൽ വിജയത്തിൽ എത്തിച്ചേർന്നതെന്നും ചില റബ്ബി ലിഖിതങ്ങൾ പഠിപ്പിക്കുന്നു (Zohar 1: 75b). അവരുടെ വിജയത്തിനു വിഘ്‌നം വരുത്തി തടയിടേണ്ടതിന് ദൈവം ഇറങ്ങി വരികയും ഭാഷയെ കലക്കുകയും അനേകം ഭാഷകൾ നിലവിൽ വരികയും ചെയ്തു എന്നു തോറ രേഖപ്പെടുത്തുന്നു. (ഉല്പ:11:1-7)

ഇവ്റീത് (വി)ശുദ്ധ ഭാഷയാണെന്നു യെഹൂദൻ എന്തുകൊണ്ടു വിശ്വസിക്കുന്നു? അതിനു നിദാനമായി അവർ നിർത്തുന്ന ചില കാരണങ്ങളും ന്യായങ്ങളും ഉണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

1) അത് സൃഷ്ടിപ്പിന്റെ ഭാഷയാണ്: ദൈവം പ്രപഞ്ചത്തിന്റെ പുന:സൃഷ്‌ടി നടത്തുന്നത് ഉല്പ:1:3 മുതൽ നാം വായിക്കുന്നു. “വെളിച്ചം ഉണ്ടാകട്ടെയെന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.” ഈ വാക്കുകൾ വെറും വാചാടോപം അല്ലായിരുന്നു. ആ വാക്കുകളിൽ പ്രകാശത്തെ സൃഷ്‌ടിച്ച ദൈവിക ഊർജ്ജം ഉൾക്കൊണ്ടിരുന്നു. ആ ദൈവിക ഊജ്ജമാണ് സൃഷ്‌ടിക്കു നിദാനം. ആ ഊർജ്ജത്തെ വഹിച്ചിരുന്ന മാദ്ധ്യമം ഭാഷയായിരുന്നു. ‘ദൈവം കല്പിച്ചു’ എന്ന വാക്ക് ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽ ആവർത്തിച്ചു കാണുന്നു. ദൈവം ഉച്ചരിച്ച സൃഷ്ടിപ്പിൻ വാക്കുകൾ എബ്രായ ഭാഷയിൽ ആയിരുന്നു.
യെഹൂദന്മാരുടെ ഇടയിൽ ‘കബ്ബാലിസ്റ്റ് ‘ എന്നൊരു യോഗാത്മക ആദ്ധ്യാത്മ ദാർശനിക വിഭാഗം (മിസ്റ്റിക്സ്) ഉണ്ടായിരുന്നു. അച്ചടക്കമുള്ള ജീവിതം നയിച്ചിരുന്ന ഇക്കൂട്ടർ നിഗൂഢ വ്യാഖ്യാനങ്ങൾക്ക് പ്രസിദ്ധർ ആയിരുന്നു. ഇവ്റീത് ബൈബിളിലെ മാർമ്മിക കോഡുകൾ കണ്ടുപിടിച്ചു വ്യാഖ്യാനിക്കുന്ന യോഗാത്മവാദികളായിരുന്ന ഇവരുടെ വ്യാഖ്യാനങ്ങൾ പലപ്പോഴും അതിരു വിടാറുണ്ടായിരുന്നു. മയ്മോനിഡസ്, നഖമാനിഡെസ്റ്റ് എന്നിവർ അവരിൽ പ്രധാനികൾ ആയിരുന്നു.

കബ്ബാലിസ്റ്റുകളുടെ വ്യാഖ്യാന പ്രകാരം മനുഷ്യന്റെ വാക്കുകളും ദൈവത്തിന്റെ വാക്കുകളും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ഉച്ചരിക്കപ്പെടുന്ന മനുഷ്യന്റെ വാക്കുകൾ ഒടുവിൽ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുകയാണ്. എന്നാൽ ദൈവത്തിന്റെ വാക്കുകൾ അങ്ങനെ അല്ല. അതു എന്നും നിലനില്കുന്നവയാണ്. അതിനു ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്: യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു, എന്ന വാക്യമാണ്. (സങ്കീ: 119:89) ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽ സൃഷ്ടിപ്പിനോടുള്ള ബന്ധത്തിൽ ദൈവം ആവർത്തിച്ചു പറഞ്ഞ ‘കല്പനകൾ’ ഇന്നും പ്രപഞ്ചത്തിലും സ്വർഗ്ഗത്തിലും നിറഞ്ഞു നിൽക്കുന്നു. അവ ഇന്നും പുന:സൃഷ്‌ടി നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് കബ്ബാലിസ്റ്റുകൾ പറയുന്നത്.

2) അതു ശുദ്ധഭാഷയാണ്: മിഡീവിയൽ ജൂയിഷ് ഫിലോസഫറും കബ്ബാലിസ്റ്റും ആയിരുന്ന മയ്മോനിഡസ്റ്റ് തന്റെ Guide of the perplexed എന്ന ഗ്രന്ഥത്തിൽ എബ്രായ ഭാഷയെ ശുദ്ധഭാഷയായി (clean language) ചിത്രീകരിച്ചിരിക്കുന്നു. മറ്റു ഭാഷകളിൽ ഉള്ളതുപോലെ സംസ്കാരശൂന്യമായ, അപരിഷ്‌കൃതമായ, മോശപ്പെട്ട, അശ്ലീല പദങ്ങളോ പ്രയോഗങ്ങളോ (Vulgar language) എബ്രായ ഭാഷയിൽ ഇല്ല എന്നാണ് അദ്ദേഹം തെളിവായി ചുണ്ടിക്കാട്ടുന്നത്. ലൈംഗികത സ്ത്രീ-പുരുഷ ഗുപ്താവയവങ്ങൾ എന്നിവയെക്കുറിച്ച് നേരിട്ടു പ്രതിപാദിക്കുന്ന വാക്കുകൾ ക്ലാസിക്കൽ ഹീബ്രുഭാഷായിൽ ഇല്ല. (ആദാം തന്റെ ഭാര്യയെ അറിഞ്ഞു, കാൽ മടക്കം, ബാഹ്യത്തിനു പോകുക ഇത്യാദി പ്രയോഗങ്ങൾ ഉദാഹരണം). ഇങ്ങനെയുള്ള കാര്യങ്ങൾ പ്രതിപാദിക്കേണ്ടി വരുമ്പോൾ ആലങ്കാരികമായും പരോക്ഷ സൂചനകളിലൂടെയും മാത്രമേ എബ്രായഭാഷയിൽ ബൈബിളിൽ പറയുന്നുള്ളൂ. അതിനാൽ അത് ശുദ്ധഭാഷയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിമതം.

3) പ്രവാചക ദൂതിന്റെ ഭാഷ: പ്രത്യുല്പാദനം, ജനനേന്ദ്രിയങ്ങൾ, എന്നിവയെക്കുറിച്ചു നേരിട്ടു പ്രതിപാദനം ഇല്ലാത്തതിനാൽ ഒരു ഭാഷ ശുദ്ധമാകണമെന്നില്ല എന്നാണ് മയ്മോനിഡസിനെ ഖണ്ഡിച്ചു നഖ്മാനിഡെസ് പറഞ്ഞത്. ദൈവിക വ്യവസ്‌തയിൽ നിന്നുള്ള ഉദ്ദേശ ശുദ്ധിയോടു കൂടിയ ലൈംഗികത വിശുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മതം.

എബ്രായ ഭാഷ ശുദ്ധമാണെന്നതിന് അദ്ദേഹം മുന്നോട്ടു വച്ച ചില വാദങ്ങൾ ഉണ്ട്. സീനായ് കൊടുമുടിയിൽ വച്ചു ദൈവം പത്തു കൽപനകളും തോറയും നൽകിയത് എബ്രായ ഭാഷയിൽ ആയിരുന്നു. ദൈവിക പ്രമാണം ആദ്യമായി എഴുതപ്പെട്ട ഭാഷയായതിനാൽ ഹീബ്രു വിശുദ്ധഭാഷയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൂടാതെ ദൈവത്തിന്റെയും ദൈവദൂതന്മാരുടെയും പേര് എബ്രായ ഭാഷയിലുള്ളതാണ്. ആ പേരുകളുടെ അർത്ഥം എബ്രായഭാഷയിലാണ് അർത്ഥവത്താകുന്നത്. മറ്റൊരു ഭാഷയിൽ ആ വാക്കിന് വേറെ അർത്ഥതലമായിരിക്കാം. പുറപ്പാട് 3:13 ആധാരമാക്കി ‘ദൈവത്തിന്റെ നാമം’ എന്ന വിഷയത്തിന് വ്യാഖ്യാനം നൽകിയ കമന്ററിയിൽ നഖ്‌മാനിഡെസ് മേൽപ്പറഞ്ഞ വിധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പില്കാലത്തും ദൈവം തന്റെ പ്രവാചന്മാരിലൂടെ ജനത്തോടു സംവദിക്കുവാൻ തെരെഞ്ഞെടുത്ത ഭാഷയും ഹീബ്രു ആയിരുന്നു.

4) നിസ്തുല്യ ഗുണലക്ഷണങ്ങൾ ഉള്ള ഭാഷ: അസാധാരണമായ അദ്വിതീയുള്ള (Unique attributes) ഭാഷയാണ് ക്ലാസിക്കൽ ഹീബ്രു എന്നാണ് റബ്ബി യെശയ്യാഹ് ഹ’ലെവി പറയുന്നത്. എബ്രായ ഭാഷയിലെ ഓരോ അക്ഷരത്തിനും അതിന്റെ പേരിനും ഒപ്പം ഉച്ചാരണത്തിനും സൂചനാർത്ഥങ്ങൾ ഉണ്ട്. ഈ അർത്ഥങ്ങൾ ആണ് ആ ഭാഷയെ സമ്പുഷ്ടമാക്കുന്നത്.

ഏതെങ്കിലും ഒരു ഭാഷയ്ക്കു സൃഷ്‌ടിവൈഭവം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല “അവൻ അരുളിച്ചെയ്തു അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു അങ്ങനെ സ്ഥാപിതമായി” (സങ്കീ:33:9) ഭാഷയ്ക്കല്ല ദൈവത്തിനാണ് ശക്തി. അതാണ് സൃഷ്ടിപ്പു നടത്തിയത്. ദൈവം മനുഷ്യനോടു സംസാരിച്ച പ്രഥമ ഭാഷ ഹീബ്രു ആയിരുന്നുവെന്നു നമുക്കു ന്യായമായി ഊഹിക്കാം. കർത്താവ് പൗലോസിനോടു സംസാരിച്ചത് എബ്രായ ഭാഷയിൽ ആയിരുന്നു. (അ.പ്ര 26:14). പൗലോസ് ക്ലാസിക്കൽ ഗ്രീക്ക് സാഹിത്യത്തിലും അതിനിപുണൻ ആയിരുന്നു. (അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈബിൾ (പഴയനിയമം) സെപ്റ്റു അജന്റ് ആയിരുന്നുവെന്നു ഒരു വാദം ഉണ്ട്. എബ്രാ 2:6,7 വാക്യങ്ങൾ സങ്കീ 8:4,5 വാക്യങ്ങളുടെ ഉദ്ധരണിയാണ്. ദൈവം, ദൂതന്മാർ എന്നീ വ്യത്യാസം വന്നത് LXX- ലെ വിവർത്തന വ്യത്യാസം കാരണമായിരുന്നു എന്നാണ് നിഗമനം). പക്ഷേ ദൈവം തന്നോടു ഇടപെട്ടത് എബ്രായ ഭാഷയിൽ ആയിരുന്നു. ദൈവം മോശെയോടു സംസാരിച്ചതും ഹീബ്രു ഭാഷയിൽ തന്നെ ആയിരുന്നു. മോശെയ്ക്ക് മിസ്രയിമിലെ അന്നത്തെ ഭാഷയും (ഹയ്റോഗ്ലിഫിൿസും) മദ്യാനിലെ ഭാഷയും (അരാമ്യാ ഭാഷയുടെ പ്രാഗ്രൂപം) നല്ല വശമായിരുന്നു.

കർത്താവിനെ ക്രൂശിച്ചയിടം എബ്രായഭാഷയിൽ ഗോൽഗൊഥാ ആയിരുന്നുവെന്നു പ്രത്യേകം എടുത്തു പറയുന്നുണ്ട് (യോഹ 19:17). സെഫന്യാവ് 3:9-ൽ കാണുന്ന ‘നിർമ്മല അധരം’ എബ്രായ ഭാഷ ആയിരിക്കുമെന്നാണ് ഹീബ്രു പണ്ഡിതന്മാർ അവകാശപ്പെടുന്നത്. ‘നിർമ്മലം’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന BARAR എന്ന എബ്രായ വാക്കിന് chosen, cleanse, pure, purged, എന്നൊക്കെയാണ് അർത്ഥം. KJV-യിൽ ‘a pure language’ എന്നാണ് കാണുന്നത്. RSV-യിൽ I will change the speech of the people to a pure speech എന്നാണ് കാണുന്നത്. മിശിഹായുടെ ആയിരം ആണ്ടു വാഴ്ചക്കാലത്ത് സംഭവിപ്പാനിരിക്കുന്ന ഒരു പ്രവചനമാണ് സെഫാന്യാവ് 3:9. ആ കാലത്ത് ശാപമോക്ഷം കിട്ടിയ ഭൂമിയും മനുഷ്യരും ബാബേലിനു മുമ്പുള്ള സ്ഥിതിയിലേക്ക് ഭാഷാപരമായി മടങ്ങിപ്പോകുമെന്നു ചിലർ വിശ്വസിക്കുന്നു. ദൈവം എന്തായിരിക്കും ഈ വാക്യത്തിലൂടെ വിവക്ഷിക്കുന്നതെന്ന് അനുഭവിച്ചറിയുകയേ നിവർത്തിയുള്ളൂ.

‘പെന്തക്കോസ്തു’ ‘ബാബേലിന്റെ’ ശാപമോക്ഷം ആണെന്നാണ് പണ്ഡിതമതം. അതെന്തായാലും ഏകലോകസിദ്ധാന്തം യൂണികോഡിലേക്ക് ഭാഷയെയും സാങ്കേതികവിദ്യ നായിച്ചുകൊണ്ടിരിക്കുന്നു. പതിനേഴു നൂറ്റാണ്ടുകൾ മൃതഭാഷയായിരുന്ന എബ്രായഭാഷ പുനർജീവിക്കപ്പെട്ടു ഒരു ജനതയുടെ മാതൃഭാഷയായത് തീർച്ചയായും അത്ഭുതം തന്നെയാണ് ദൈവിക ഇടപെടലാണ്. ദൈവം ചരിത്രത്തിൽ ഇടപെട്ടു കൊണ്ടേയിരിക്കുന്നു എന്നത് ആശാവഹമാണ്. അതെ അവന്റെ നാമം എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.