ദൈവത്തിന്റെ കാര്യാധിപത്യം

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ്‌ അൽ ഖൈമ

‘Stewardship’ എന്ന ഇംഗ്ലീഷ് വാക്കിന് ‘കാര്യ വിചാരത്വം’ എന്ന വാക്കാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. അതു മനുഷ്യന്റെ കാര്യവിചാരകത്വം എന്ന അർത്ഥതലത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് (2 രാജ 11:18; എസ്ഥേർ 3:9; യെഹെ 44:8; ലൂക്കോ 8: 3; 16:1-8). ഇവിടെയെല്ലാം മനുഷ്യർ മനുഷ്യർക്കോ ദൈവത്തിനോ ചെയ്യുന്ന കാര്യവിചാരകത്വത്തെയാണ് പ്രതിപാദിക്കുന്നത്. എന്നാൽ ദൈവത്തിന്റെ കാര്യവിചാരകത്വത്തെക്കുറിച്ചും ബൈബിളിൽ പ്രതിപാദനം ഉണ്ട്.

ദൈവത്തിന്റെ കാര്യസ്ഥത എന്ന ചിന്താധാരയിൽ ദൈവത്തിന്റെ കർതൃത്വം (Lordship) ആധിപത്യം (Dominion) മേൽക്കോയ്മ (suzerainty) എന്നിവ വെളിപ്പെട്ടു വരുന്നതിനാൽ കാര്യവിചാരകത്വം എന്നതിലുപരി ‘കാര്യാധിപത്യം’, ‘കാര്യാധീശത്വം’ എന്നീ വാക്കുകളാണ് കൂടുതൽ ഉചിതവും ഉണ്മയും എന്നു എനിക്ക് തോന്നുന്നു. ആകയാൽ തുടർന്നു ദൈവത്തിന്റെ കാര്യവിചാരകത്വം എന്നതിലുപരി മേൽപ്പറഞ്ഞ രണ്ടു വാക്കുകൾ ഉപയോഗിക്കുവാനാണ് ഞാൻ താല്പര്യപെടുന്നത്.

‘ഒയ്കോനോമിയ’ എന്ന യവനായ വാക്കാണ് മൂലഗ്രന്ഥത്തിൽ കാര്യവിചാരകത്വം എന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്ക് ആംഗലേയ വിവർത്തനത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ മനുഷ്യന്റെ കാര്യവിചാരകത്വത്തെ സൂചിപ്പിക്കുവാൻ stewardship എന്ന വാക്കാണ് ലൂക്കോ: 12:42, 16:1-8; 1 കൊരി: 4:1-2; തീത്തോസ്: 1:7; 1 പത്രോ: 4:10 എന്നീ ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. മത്തായി: 20:8, ലൂക്കോ: 8:3 എന്നീ വാക്യങ്ങളിൽ യഥാക്രമം ‘വിചാരകൻ’, ‘ കാര്യവിചാരകൻ’ എന്നിങ്ങനെ മലയാളത്തിലും steward എന്നു ഇംഗ്ലീഷിലും വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത് ഗ്രീക്കിലെ മറ്റൊരു വാക്കായ ‘എപിട്രോപോസ് ‘ ആണ്. Curator എന്ന ആംഗലേയ പദമാണ് അതിനു കൂടുതൽ അനുയോജ്യമാകുന്നത്.

എന്നാൽ ദൈവത്തിന്റെ കാര്യാധീശത്വത്തെ സൂചിപ്പിക്കുവാനായി ‘ഒയ്കോനോമിയ’ എന്ന വാക്ക് ഇംഗ്ലീഷിൽ തർജ്ജമ ചെയ്തപ്പോൾ ‘ഡിസ്പെൻസേഷൻ’ എന്നാണ് വിവർത്തനം ചെയ്തത്. വളരെ ബൗദ്ധികമായ ഒരു വിവർത്തനമാണിതെന്നു ഞാൻ പറയും! കാരണം, മാനുഷിക കാര്യവിചാരകത്വവും ദൈവിക കാര്യവിചാരകത്വവും തമ്മിൽ കൃത്യമായി വേർതിരിച്ചറിയുന്നതിനായിട്ടാണ് ഇങ്ങനെയുള്ള വ്യത്യസ്ഥ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. 1 കൊരി: 9:17; എഫേ: 1:10; 3:2; കൊലോ: 1:25 എന്നീ വാക്യങ്ങളിലാണ് ‘ഡിസ്പെൻസേഷൻ’ എന്ന വാക്ക് KJV ബൈബിൾ പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ RSV വിവർത്തനം ഈ വാക്യങ്ങളിൽ ഈ വാക്ക് സമ്പൂർണ്ണമായി ഒഴിവാക്കി ആശയവിവർത്തനം നടത്തുകയും; പകരം 2 കൊരി: 3:7-9 വരെയുള്ള മൂന്നു വാക്യങ്ങളിൽ മൂന്നു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ‘ഡിയകോണിയ’ എന്ന വാക്ക് ‘ഡിസ്പെൻസേഷൻ’ എന്നു വിവർത്തനം ചെയ്തിരിക്കുന്നു.

‘ഡിസ്പെൻസേഷൻ’ എന്ന വാക്ക് മലയാളത്തിൽ വേദശാസ്ത്രപരമായി വിവർത്തനം ചെയ്തു വന്നപ്പോൾ ദൗർഭാഗ്യവശാൽ യുഗം എന്നാണ് മൊഴിമാറ്റം നടത്തിയത്. യുഗവും ഡിസ്പെൻസേഷനും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നതാണ് സത്യം. എന്നാൽ ‘യുഗം’ എന്നല്ലാതെ മറ്റൊരു വാക്കും അനുയോജ്യമായി ഇല്ല എന്നതും മറ്റൊരു സത്യം. യുഗം എന്നത് സമയത്തെ കുറിക്കുന്ന ഏകകം ആണല്ലോ. എന്നാൽ ഡിസ്പെൻസേഷൻ എന്നത് കാര്യപരിപാടിയെയോ, കാര്യവിചാരകത്വത്തെയോ കുറിക്കുന്നു. അതു ദൈവത്തിന്റെ അധീശത്വത്തെയാണ് കുറിക്കുന്നത്!

ഭൗമശാസ്ത്രപരമായി ചിന്തിച്ചാൽ യുഗം എന്നത് ഭൂമിയുടെ കാലാവസ്ഥയിൽ വൻവ്യതിയാനം വരുത്തുന്ന വൻ ദുരന്തങ്ങൾക്കു മദ്ധ്യേയുള്ള കാലഘട്ടം എന്നാണ്. എന്നാൽ വേദശാസ്ത്ര വിഷണത്തിൽ ‘ഡിസ്പെൻസേഷൻ’ എന്നത് ദൈവം മനുഷ്യനോടു ഇടപെടുന്ന ധാർമ്മിക ബോധത്തിന്റെ അഥവാ ദൈവം തന്നെത്തന്നെ മനുഷ്യനു വെളിപ്പെടുത്തുന്ന ധാർമ്മികതയുടെ വ്യവസ്ഥിതി ആണ്. ‘ഡിസ്പെൻസ്’ എന്ന വാക്കിന് അല്പാല്പമായി പകർന്നു നൽകുക, കുറേശെ വിതരണം ചെയ്യുക എന്നൊക്കെയാണല്ലോ അർത്ഥം. ആ നിലയിൽ ഡിസ്പെൻസേഷൻ എന്നതിനെ പകർന്നു നല്കൽ, വിതരണം ചെയ്യൽ എന്നൊക്കെയാണർത്ഥം! ദൈവത്തിന്റെ കാര്യാധിപത്യത്തിൽ ദൈവം തന്റെ സമൃദ്ധി, ഭൂമിക്കായും മാനവ വംശത്തിനായും പകർന്നു നൽകുന്നത് അല്പാല്പം വിതരണം ചെയ്തു എന്നൊക്കെ നമുക്ക് അർത്ഥം കല്പിക്കാം. ഒരു യുഗത്തിൽ ഒന്നിലധികം ഡിസ്പെൻസേഷൻ ഉണ്ടായി എന്നു വരാം. യുഗങ്ങൾക്കിടയിൽ ദുരന്തങ്ങൾ സാധാരണമായിരിക്കും. എന്നാൽ എല്ലാ ഡിസ്പെൻസേഷനുകളിലും ദുരന്തങ്ങൾ സംഭവിക്കണമെന്നു നിർബന്ധമില്ലെന്നു മാത്രമല്ല, ചില ഡിസ്പെൻസേഷനുകൾ ശുഭ പര്യവസായിയും ആയിരിക്കും!

‘ഒയ്കൊനോമോസ് ‘ എന്ന മൂല വാക്കിൽ നിന്നുമാണ് ‘ഒയ്കൊനോമിയ’ എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. ‘ഭവനം’ എന്നർത്ഥം വരുന്ന ‘ഒയ്കോസ്’ എന്നും ‘നിയമം’ എന്നർത്ഥം വരുന്ന ‘നോമോസ് ‘ എന്നും ഉള്ള രണ്ടു വാക്കുകൾ കൂടി ചേർന്നാണ് ഗൃഹകാര്യം, ഗൃഹനിയമങ്ങൾ എന്നും മറ്റും അർത്ഥം വരുന്ന ‘ഓയ്കൊനോമോസ്’ ഊരിത്തിരിഞ്ഞു വന്നത്. അതിന് വിവിധ അർഥങ്ങൾ ഉണ്ട്. ഒരു വീടിന്റെ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യസ്ഥൻ, കാര്യവിചാരകൻ, എന്നിങ്ങനെയാണ് സാധാരണ അർത്ഥം. കൂടാതെ ഒരു സമ്പന്നനായ വ്യക്തിക്ക് വിദേശത്തുള്ള നിലങ്ങൾ, മൃഗസമ്പത്ത് എന്നിങ്ങനെ വസ്തുവകകളുടെ മേൽ നോട്ടം വഹിക്കുന്ന പകരക്കാരൻ, കാര്യസ്‌ഥൻ എന്ന നിലയിൽ ഗൃഹഭരണം, പ്രായപൂർത്തി ആകാത്ത കുട്ടികളുടെ സംരക്ഷണം (caretaker) എന്നീ കർത്തവ്യങ്ങൾ നിർവഹിക്കുന്ന വ്യക്തി എന്നും അർത്ഥം. കൂടാതെ പുരാതന കാലത്തെ നഗര രാഷ്ട്ര സമ്പ്രദായത്തിൽ ഒരു പട്ടണത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തി എന്നും അതിനർത്ഥമുണ്ട്!

‘ഒയ്കനോമോസ്’ എന്ന വാക്ക് പുതിയനിയമത്തിൽ പത്തു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. Steward (ലൂക്കോ: 12:42, 16:1, 8, 1 കൊരി: 4:62, തീത്തോ:1:7; 1 പത്രോ:4:10) the Chamberlain (റോമർ 16:23) Governors (ഗലാ 4:2) എന്നിങ്ങനെയാണ് ആ വാക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

‘ഒയ്കനോമിയ’ എന്ന യവനായ വാക്കിൽ നിന്നുമാണ് ‘ഇക്കണോമിക്സ് ‘ എന്ന വാക്ക് ആംഗലേയ പദം ഉടലെടുത്തത് എന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും എബ്രായ ഭാഷയിലെ ‘ഇഖോനോമിയാഹ്‌ ‘ എന്ന വാക്കിൽ നിന്നും ഊരിത്തിരിഞ്ഞു വന്നതാകാനാണ് കൂടുതൽ സാദ്ധ്യത. ‘യാഹ്‌’ എന്ന വാക്ക് അവസാനം വന്നതിനാൽ യഹോവയുടെ ധനതത്വശാസ്ത്രം/ കാര്യാധീശത്വം/ ഗൃഹഭരണം എന്നൊക്കെ അർത്ഥം കല്പിക്കാം. സാമ്പത്തിക ശാസ്ത്രവുമായി ബന്ധമുള്ള ‘കുൽ’ എന്ന എബ്രായ വാക്ക് ‘പോറ്റി രക്ഷിക്കും’ എന്ന് ഉല്പ: 50:21-ൽ വിവർത്തനം ചെയ്തിരിക്കുന്നു. ലെഹൽഖൽ, കല്കലാ(ഹ്), മിലെസാർ എന്നീ വാക്കുകളും ധനവിനിമായവുമായി ബന്ധപ്പെടുത്തി എബ്രായ ഭാഷയിൽ ഉപയോഗിക്കുന്നുണ്ട്. ഈ വാക്കുകൾ ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ ദൈവത്തിന്റെ ധനത്തെ ദൈവത്തിന്റെ ഗൃഹവിചാരകനായി നിന്ന് ദൈവത്തിനു വേണ്ടി വിനിമയം ചെയ്യുക എന്നതാണ് ഇക്കണോമിക്കസ് എന്ന വാക്കിന്റെ അർത്ഥം!

ലാർജർ വെസ്റ്റ്മിൻസ്റ്റർ കാറ്റെക്കിസത്തിൽ ത്രീയേകത്വത്തെ നിർവ്വചിക്കുമ്പോൾ ‘ഓൺടോളജിക്കൽ ട്രിനിറ്റി’ അഥവാ ഇമ്മനെന്റ് ട്രിനിറ്റി എന്നത് ‘ഇക്കണോമിക്കൽ ട്രിനിറ്റി’ എന്നു വിവർത്തനം ചെയ്യാം. അത് ദൈവത്തിന്റെ സ്വത്വത്തെ അഥവാ അസ്തിത്വരീതിയെ കുറിക്കുന്നു. അതായത് ‘ദൈവം ആരാണ് ‘ എന്നതിനെ സൂചിപ്പിക്കുന്നു. എന്നാൽ ‘ഇക്കണോമിൽ ട്രിനിറ്റി’ എന്നത് ദൈവത്തിന്റെ സൃഷ്ടി വൈഭവം, രക്ഷണ്യവേല, വീണ്ടെടുപ്പ് എന്നിങ്ങനെ ദൈവപ്രവൃത്തീപഥത്തെയാണ്; അഥവാ ദൈവം എന്താകുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ സാമ്പത്തിക കാര്യവിചാരകത്വത്തിൽ, “തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ” (2 പത്രോ:1:3). എന്നാൽ അതു ദൈവിക കാര്യാധീശത്വത്തിന്റെ ഒരു മുഖം മാത്രമാണ്. ദൈവത്തിന്റെ കാര്യാധിപത്യം എന്നു വിവക്ഷിക്കുമ്പോൾ അതു വെറും സാമ്പത്തിക ധനതത്വശാസ്ത്ര വിഷയം മാത്രമല്ല എന്നു ഗ്രഹിപ്പിക്കണം! അതിലും ഉപരി:-
“ധനവും ബഹുമാനവും നിങ്കൽ നിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; – – – സകലത്തെയും വലുതാക്കുന്നതും ശക്തികരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു” (1 ദിന: 29:12).
“നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്‌ടിക്കപെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു” (സങ്കീ: 104:30).
ദൈവം സൃഷ്‌ടിക്കുന്നു; അവൻ പുനഃസൃഷ്‌ടി നടത്തുന്നു. അവൻ സകലവും പുതുതാക്കുന്നു. “ഇതാ ഞാൻ സകലതും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു” (വെളി: 21:5). ദൈവത്തിന്റെ കാര്യവിചാരകത്വത്തിൽ സൃഷ്‌ടിപ്പും പ്രപഞ്ചത്തിന്റെ നിലനില്പും, പ്രപഞ്ചത്തിന്റെ നിലനില്പും സ്ഥായിയായിരിക്കുന്നതു പോലെ തന്നെ വീണ്ടെടുപ്പും സ്ഥായിഭാവത്തിൽ തന്നെ നിലനിൽക്കുന്നു. സൃഷ്‌ടി സ്ഥിതി, സമീകരണം എന്നിവ യഥായോഗ്യം ദൈവത്തിൽ സ്ഥായിഭവിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ കാര്യാധിപത്യത്തിൽ, “സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായി ചേർക്കപ്പെടും. അതു കാലസമ്പ്യൂർണ്ണതയിലെ വ്യവസ്ഥയുടെ നിറവും ഭൂമിയിലെ ദൈവത്തിന്റെ കാര്യാധിപത്യത്തിന്റെ സമ്പൂർത്തിയും ആയിരിക്കും (എഫേ: 1:10). അതിൽ നമ്മുടെ ശാരീരിക വീണ്ടെടുപ്പ് എന്ന തേജസ്കരണവും ഉൾപ്പെട്ടിരിക്കുന്നു എന്നതത്രെ നമ്മുടെ ഭാഗ്യകരമായ പ്രത്യാശ (തീത്തോ: 2:12).
നമ്മുടെ പ്രത്യാശാവിഷയമായ ക്രിസ്തു സകലതും പുതുതാക്കേണ്ടതിനും തന്റെ അവകാശത്തെ വീണ്ടെടുക്കേണ്ടതിനും മേഘാരുഢനായി വരുന്നു. രാഷ്ട്രീയ ധ്രുവീകരണവും, വംശീയ കലാപവും, മഹമാരിയും, അനിശ്ചിത്വങ്ങളുടെ ആവൃത്തിയും, അതിന്റെ അച്ചട്ടായ അടയാളങ്ങൾ ആകുന്നു. ആമേൻ കർത്താവേ വരേണമെയെന്നു നമുക്കു പ്രാർത്ഥിക്കാം. ഒരുങ്ങാം!