ശക്തനായ വീണ്ടെടുപ്പുകാരൻ

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ്‌ അൽ ഖൈമ.

“എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം”
-യിരെ 50:34

തെക്കൻ രാജ്യമായ യെഹൂദയുടെ ബാബിലോന്യ പ്രവാസത്തിനു തൊട്ടു മുമ്പു യെരൂശലേമിൽ പാർത്തു പ്രവചിച്ച ദീർഘദർശി ആയിരുന്നു യിരെമ്യാവ്. അവന്റെ പ്രവചനത്തിന്റെ ആകെത്തുക ബാബിലോന്യ പ്രവാസത്തിന്റെ അനിവാര്യത ആയിരുന്നു. തന്റെ പ്രവചനങ്ങളെ ഗ്രന്ഥരൂപത്തിൽ തുകൽ ചുരുളിൽ ലിഖിതമാക്കേണ്ടതിന് ബാരുക്ക് എന്നൊരു കേട്ടെഴുത്തു സെക്രട്ടറി തനിക്കുണ്ടായിരുന്നു.
സെക്യുലർ ഹിസ്റ്ററിയിൽ യിരെമ്യാവിന്റെ പുസ്തകത്തിന് വലിയ ചരിത്ര പ്രാധാന്യം ഉണ്ട്. കാരണം പുരാതന ലോക ചരിത്രഗതിയെ അപ്പാടെ തകിടം മറിച്ചതും വഴി തിരിച്ചു വിട്ടതുമായ കർക്കെമീശ് യുദ്ധത്തെക്കുറിച്ചുള്ള രേഖകൾ ഈ പ്രവചന ഗ്രന്ഥത്തിലുണ്ട്. യോശീയാവിന്റെ വാഴ്ച മുതൽ ബാബേൽ പ്രവാസം വരെയുള്ളതും അനന്തരം പാലസ്തീനിന്റെ സ്ഥിതിയെക്കുറിച്ചുമുള്ള ചരിത്രസംഭവങ്ങൾ ക്രമാനുഗതമായി വിവരിച്ചിരിക്കുന്നതിനാൽ യെഹൂദാ ചരിത്രത്തിലും ഈ ഗ്രന്ഥത്തിന് ആധികാരികത വളരെയാണ്.

യിരെമ്യാവിന്റെ പ്രവചന ഗ്രന്ഥത്തെ നമുക്ക് നാലായി വിഭജിക്കാം. യെരൂശലേമിനും യെഹൂദയ്ക്കും വരുന്ന ന്യായവിധിയെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഒന്നു മുതൽ ഇരുപത്തിയഞ്ചു വരെയുള്ള അദ്ധ്യായങ്ങളിലെ പ്രതിപാദനം. ഇരുപത്തിയാറു മുതൽ നാൽപ്പത്തിയഞ്ചു വരെയുള്ള അദ്ധ്യായങ്ങളിൽ യിരെമ്യാവിന്റെ ജീവചരിത്രമാണ്. നാല്പത്തിയാറു മുതൽ അമ്പത്തിയൊന്നു വരെയുള്ള അദ്ധ്യായങ്ങളിൽ യെഹൂദയ്ക്കു ചുറ്റുമുള്ള രാജ്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ ആണ്. അമ്പത്തിരണ്ടാം അദ്ധ്യായം ഗ്രന്ഥത്തിന്റെ ഉപസംഹാരമാണ്. ഒന്നാം ഭാഗത്തിൽ യിരെമ്യാവ് പ്രവചിച്ച വചനങ്ങളുടെ നിവൃത്തീകരണമാണ് അവിടെ നാം വായിക്കുന്നത്.

യെഹൂദയെ അടിമകളാക്കി കൊണ്ടു പോയ അഥവാ കൊണ്ടുപോകുന്ന ബാബിലോണിന്റെ ന്യായവിധിയും നാശവുമാണ് അമ്പത് അമ്പത്തിയൊന്ന് അദ്ധ്യായങ്ങളിലെ പ്രതിപാദനം. ബാബേൽ എത്ര ശക്തമായിരുന്നാലും യിസ്രായേൽ മക്കൾ മടങ്ങി വരുമെന്നും ദൈവം അവർക്കു സ്വസ്ഥത നൽകുമെന്നും പ്രവചനം. (അതിൽ നിന്നും അടർത്തിയെടുത്ത ഒരു ഭാഗമാണ് കുറിവാക്യം). കാരണം അവരുടെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ.

“ഭൂമിക്കു സ്വസ്ഥാത വരുത്തേണ്ടതിനും ബാബേൽ നിവാസികൾക്ക് കഷ്ടത വരുത്തേണ്ടതിനും അഥവാ അസ്വസ്ഥത വരുത്തേണ്ടതിനും” എന്ന വാക്യഭാഗം പ്രത്യേകം ശ്രദ്ധേയമാണ്. “ബാബേൽ നിവാസികൾക്കു സ്വസ്ഥത വരുത്തേണ്ടതിന്” എന്നു മലയാളം ബൈബിളിൽ കാണുന്നത് പിശകാണ്. അവിടെ ഒരു “അ”കാരം വിട്ടു പോയിരിക്കുന്നു. അസ്വസ്ഥത എന്നതിന് മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കിന് “ഭീതി കൊണ്ടു നടുങ്ങുകയും, കോപം കൊണ്ടു ഭ്രാന്തു പിടിച്ചു വിറയ്ക്കുകയും ചെയ്യുക എന്നൊക്കെയാണ് അർത്ഥം. ‘ഭൂമിക്കു സ്വസ്ഥത’ എന്നുള്ളത് യെഹൂദാ രാജ്യത്തെയാണ് കുറിക്കുന്നത്. ഈ വാക്യശകലം വീണ്ടെടുപ്പിന്റെ ദ്വിമുഖത്തെയാണ് കാണിക്കുന്നത്. ദൈവത്തിന്റെ സ്വന്തജനത്തിനു സ്വസ്ഥതയും അവരെ പീഡിപ്പിച്ച പ്രതിയോഗിക്കു അസ്വസ്ഥതയും!

ബാബിലോന്യ പ്രവാസത്തിൽ ദൈവത്തിന്റെ പ്രവർത്തന പദ്ധതികൾ ബഹുമുഖമായിരുന്നു. യെഹൂദയെ ന്യായം വിധിച്ചു ഒപ്പം ശുദ്ധീകരിച്ചു മടക്കി കൊണ്ടു വരിക. കൂടാതെ ബാബിലോണിനെ സുവിശേഷികരിക്കുക. സത്യ ഏക ദൈവം യഹോവ മാത്രമാണെന്ന് വിവിധ സംഭവങ്ങളിലൂടെ യെഹൂദാബാലന്മാർ ബാബിലോണിനു തെളിയിച്ചു കൊടുത്തു. ദൈവം അതിലൂടെ ബാബേലിനെ ചികിൽസിക്കുകയായിരുന്നു. ” ഞങ്ങൾ ബാബേലിനു ചികിൽസ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചു കളയുവിൻ; — — — അതിന്റെ ശിക്ഷാവിധി സ്വർഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു” (യിരെ. 51:9). തുടർന്നു 59-64 വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ ബാബിലോണിന്റെ നാശം സുനിശ്ചിതമായിരുന്നുവെന്നു ഗ്രഹിക്കാം. ഒമ്പതാം വാക്യത്തിൽ “നാം ഓരോരുത്തരും നമ്മുടെ സ്വദേശത്തെക്കു പോക,” എന്ന ഭാഗം യെഹൂദന്റെ മടങ്ങി വരവിനെ കുറിക്കുന്ന പ്രവചനമാണ്. അവന്റെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ ആകയാൽ അതു സംഭവിക്കും തീർച്ച. പിൽക്കാല ചരിത്രം അതിന്റെ സാക്ഷ്യം.

‘എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ’ എന്ന വാക്യം യിരെമ്യാവിന്റെ അനുഭവ സാക്ഷ്യം കൂടെ ആയിരുന്നു. യിരെമ്യാവിനും ബാരൂക്കിനും ഏറ്റവും കൂടുതൽ ദോഷം ചെയ്തത് യെഹൂദയുടെ ശത്രുരാജ്യങ്ങൾ അല്ലായിരുന്നു. മറിച്ചു, യെരൂശലേമും യെഹോയാക്കീം രാജാവും ആയിരുന്നു. ഇവനാണ് യിരെമ്യാവിന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തിയ ചുരുൾ നെരിപ്പോട്ടിലെ തീയിൽ ഇട്ടു വെന്തുപോകും വരെ ചുട്ടുകളഞ്ഞത്. യെഹൂദയിലെ ഏറ്റവും മ്ലേച്ഛനും ദുഷ്ടനും അഭക്തനും പ്രജാപീഡകനും നിഷ്ഠൂരനുമായ സ്വേച്ഛാധിപതിയായിരുന്നു യെഹോയാക്കീം.

യെഹുദയെ യിസ്രായേലിന്റെ ദൈവത്തിങ്കലേക്കും ന്യായപ്രമാണത്തിന്റെ വ്യവസ്ഥയിലേക്കും മടക്കിക്കൊണ്ടു വന്ന നവോത്ഥാന നായകൻ ആയിരുന്നു യോശീയാവ് രാജാവ്. എന്നാൽ ദൗർഭാഗ്യവശാൽ 609 ബി.സി യിൽ നടന്ന മെഗിദ്ദോ യുദ്ധത്തിൽ അവൻ ഫറവോ നെഖോയോട് തോറ്റു കൊല്ലപ്പെട്ടു. പില്കാലത്തു യെഹൂദയുടെയും യെരുശലേമിന്റെയും രാഷ്ട്രീയ അസ്ഥിരതയ്ക്കും അചിരേണ പ്രവാസത്തിനും ഉപരി ദാവീദിന്റെ സിംഹാസനത്തിന്റെ പതനത്തിനും ഈ യുദ്ധവും മരണവും കാരണമായി.

യോശീയാവിന്റെ മകൻ യെഹോവാഹാസ് യെരുശലേമിൽ രാജാവായി എങ്കിലും മൂന്നു മാസത്തിനു ശേഷം നെഖോ അവനെ രിബ്ലയിൽ വച്ചു ബന്ധിച്ചു മിസ്രയിമിലേക്കു കൊണ്ടു പോയി. പകരം അവന്റെ സഹോദരൻ യെഹോയാക്കിമിനെ രാജാവായി വാഴിച്ചു. തത്വത്തിൽ യെഹൂദാ മിസ്രയിമിന്റെ സാമന്തരാജ്യമായി മാറി – യെഹോയാക്കിം സാമന്തരാജാവും! യെഹോയാക്കിം നേഖോയ്ക്കു വേണ്ടി കപ്പവും ചുങ്കവും പിരിക്കുന്ന വെറും ഒരു വൈസ്റോയിയായി മാറി. അവൻ യഹൂദെയ്ക്കു തലവരിപ്പണം (POLL TAX) ചുമത്തി. ഈ രാഷ്ട്രീയ പശ്‌ചാത്തലത്തിലാണ് യിരെമ്യാവ് പ്രവചിക്കുന്നത്.

യിരെമ്യാവിന്റെ പ്രവചനം യെഹോയാക്കിമിന് എതിരെയും മിസ്രയിമിന് എതിരെയും ബാബിലോണിന് അനുകൂലമായും ആയിരുന്നു. (2 രാജ 23:29-24:7; 2 ദിന. 35:20-36:8) ഇക്കാലത്ത് ബാബിലോൺ ലോകചരിത്രത്തിൽ ഒന്നുമല്ല. മിസ്രയീം ലോക മഹാശക്തിയും. ഇത് യെരുശലേമിനെയും യെഹോയാക്കിമിനെയും വിഷമവൃത്തത്തിലാക്കി. യിരെമ്യാവിന്റെ വാക്കുകൾ രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെട്ടു. താൻ നെഖോയോടു സമാധാനം പറയേണ്ടി വരുമെന്ന് യെഹോയാക്കിം ഭയപ്പെട്ടു. ദൈവിക ദൂതു വിശ്വസിച്ചു ദൈവസന്നിധിയിൽ തന്നെയും രാജ്യത്തെയും ഏല്പിച്ചു കൊടുക്കുവാൻ ഹിസ്‌കിയ രാജാവിനെപ്പോലെ അവൻ നീതിമാനും ഭക്തനും അല്ലായിരുന്നു.

യെഹോയാക്കിമിന്റെ ഭരണത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ യിരെമ്യാവിന്റെ പ്രവചനത്തിൽ നിന്നും റബ്ബിനിക്ക് ലിഖിതങ്ങളിൽ നിന്നുമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. അവൻ മിസ്രയിമിനു വേണ്ടി കപ്പം പിരിക്കുമ്പോൾ തന്നെ പുതിയൊരു അരമന പണിയുവാൻ തുടങ്ങി. അതിനായി സ്വജനത്തെ ഊഴിയവേലക്കാർ (forced labourers) ആക്കി എന്നു മാത്രമല്ല വേതനം നൽകാതെയുമിരുന്നു. അർത്ഥാൽ അടിമത്വം. (യിരെ. 22:13-15). കൂടാതെ യഹോവയുടെ നാമത്തിൽ യെരൂശലേമിനെതിരെ പ്രവചിച്ച ഊരിയാവ് എന്ന ദർശകനെ അവൻ കൊന്നു കളഞ്ഞു. രാജാവിന്റെ പ്രീതിക്ക് അപാത്രനായ ഊരിയാവ് ഭയപ്പെട്ടു മിസ്രയിമിലേക്ക് ഓടിപ്പോയി. എന്നാൽ നയതന്ത്ര പ്രതിനിധികളെ മിസ്രയിമിലേക്ക് അയച്ചു രാജാവ് ഊരിയാവെ മടക്കി കൊണ്ടു വന്നു കൊന്നു കളഞ്ഞു. ശവത്തെ അപമാനിച്ചു അനാഥരുടെ ശ്മശാന ഭൂമിയിൽ ഇട്ടുകളഞ്ഞു. (യിരെ. 26:20-24).
റബ്ബിനിക്ക് രേഖകൾ അനുസരിച്ച് യെഹോയാക്കിമിനു അവന്റെ അമ്മ, രണ്ടാനമ്മ, മരുമകൾ എന്നിവരുമായി രഹസ്യബന്ധം ഉണ്ടായിരുന്നു. ആൾക്കാരെ കൊല്ലുന്നതും അവരുടെ ഭാര്യമാരെ വഷളാക്കുന്നതും അവരുടെ സമ്പത്തു പിടിച്ചെടുക്കുന്നതും അവനു ഹരമായിരുന്നു. അവന്റെ മുൻഗാമികളായ മനശ്ശെയും ആമോനും ആയിരുന്നു അവന്റെ മാതൃകാ മുദ്രകൾ. “ദൈവം നമുക്കു വെളിച്ചം നൽകി. ഇനിയും അതിന്റെ ആവശ്യമില്ല. കാരണം അതുപോലെ തിളങ്ങുന്ന സ്വർണ്ണം ദൈവം ഭൂമിക്കു നൽകിയിരിക്കുന്നു. അത് തിരിച്ചെടുക്കുവാൻ ദൈവത്തിനു കഴിയുകയില്ല,” എന്നതായിരുന്നു അവന്റെ തത്വചിന്ത.

ഇവന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അതായത് 605 ബി. സി., യിൽ യിരെമ്യാവിന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട് അനുസരിച്ച് അവൻ ഒരു പുസ്തകച്ചുരുൾ വാങ്ങി അതിൽ തന്റെ പ്രവചനങ്ങൾ, 1 മുതൽ 25 വരെയുള്ള അദ്ധ്യായങ്ങൾ എന്നു അനുമാനിക്കാം, ബാരൂക്കിനെ കൊണ്ടു രേഖപ്പെടുത്തി. അതു പൂർത്തിയായനന്തരം അഞ്ചാം ആണ്ടിൽ ഒമ്പതാം മാസം യഹോവയുടെ ആലയത്തിൽ ബാരൂക്ക് പരസ്യമായി വായിച്ചു. പിന്നീടു ചുരുൾ രാജസന്നിധിയിൽ കൊണ്ടുവരപ്പെട്ടു. മൂന്നു നാലു ഭാഗം വായിച്ചു കേട്ടനന്തരം രാജാവ് ആ ചുരുൾ ഒരു പേനാകത്തി കൊണ്ടു കഷണം കഷണമാക്കി കണ്ടിച്ചു തന്റെ മുമ്പിൽ കത്തിക്കൊണ്ടിരുന്ന നെരിപ്പോട്ടിലെ തീയിൽ വെന്തുപോകും വരെ ഇട്ടു കൊണ്ടിരുന്നു. എന്നു മാത്രമല്ല യിരെമ്യാവിനെയും ബാരൂക്കിനെയും അറസ്റ്റു ചെയ്യുവാൻ ഉത്തരവിടുകയും രാജകുമാരനെ മേധാവിയാക്കി ഒരു ടീം അതിനായി രൂപീകരിക്കുകയും ചെയ്തു. എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു. (യിരെ. 36:1-26).

ചുരുൾ രാജസന്നിധിയിൽ കൊണ്ടു വരുന്നതിനു മുമ്പ് അതു വായിച്ചു കേട്ട പ്രഭുക്കന്മാർ, “നീയും യിരെമ്യാവും കൂടെ ഒളിച്ചു കൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുത്,” എന്നു ബാരൂക്കിനോടു പറഞ്ഞിരുന്നു. ഇതിൽ നിന്നും ചുരുളിലെ ഉള്ളടക്കം എത്ര സ്ഫോടനാത്മകം ആയിരുന്നുവെന്നു നമുക്കു ഗ്രഹിക്കാം. യിരെമ്യാവും ബാരൂക്കും ഒളിക്കും മുമ്പേ യഹോവ അവരെ ഒളിപ്പിച്ചു. (വാക്യം 26). അതേ ശക്തനായ വീണ്ടെടുപ്പുകാരൻ തന്നെ. എത്രനാൾ ഒളിപ്പിച്ചു കാണും? യെഹോയാക്കിം രാജസ്ഥാനത്തു നിന്നും നിഷ്കാസിതനാകുന്നതു വരെ! അതായത് അഞ്ചു വർഷവും മൂന്നു മാസവും തന്നെ. യെഹോയിക്കീം യെരൂശലേമിൽ പതിനൊന്നു സംവത്സരം വാണു. ഇത് എങ്ങനെ സാധിക്കും? തന്റെ ദാസന്മാരുടെ മേൽ ദൃഷ്ടി പതിയാതിരിക്കേണ്ടതിന് ദൈവം ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും കണ്ണു നിരോധിച്ചു കളഞ്ഞു.
യിരെമ്യാവിനെ പിടി കിട്ടിയിരുന്നുവെങ്കിൽ കൊന്നു കളയുമായിരുന്നു. കാരണം ഊരിയാവെ കൊന്നു അവനു പരിചയം ഉണ്ടായിരുന്നുവല്ലോ. എന്നാൽ യിരെമ്യാവിന്റെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ.

റബ്ബിനിക്കൽ രേഖ അനുസരിച്ച് വിലാപങ്ങളുടെ പുസ്തകമാണ് യെഹോയാക്കിം കത്തിച്ചു കളഞ്ഞത്. ഒന്നാം അദ്ധ്യായം അഞ്ചാം വായിച്ചു കേട്ടു കഴിഞ്ഞപ്പോൾ “ഞാൻ തന്നെയാണ് രാജാവ് ” എന്നു പറഞ്ഞ് ചുരുളിൽ നിന്നും യഹോവയുടെ നാമം കത്തി ഉപയോഗിച്ചു ചുരണ്ടി കളയുകയും ചുരുൾ കത്തിച്ചു കളയുകയും ചെയ്തു.

605 ബി.സി., യിൽ നടന്ന കർക്കെമിശ് യുദ്ധത്തിൽ യിസ്രായേൽ ആശ്രയിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന മിസ്രയിം തകരപ്പെടുകയും ബാബിലോൺ ലോക സാമ്രാജ്യ ശക്തിയായും നെബൂഖദ്നേസർ ലോക ചക്രവർത്തിയായും മാറിയതോടെ യിരെമ്യാവിന്റെ പ്രവചനങ്ങൾക്കു ഭാഗികമായ നിവൃത്തി വന്നു. യെഹൂദാ ബാബിലോണിന്റെ സമാന്തര രാജ്യമായി. 601 ബി.സി,യിൽ നെബൂഖദ്നേസറിന് മദ്ധ്യധരണ്യാഴി മേഖലയിൽ കടുത്ത തിരിച്ചടി നേരിട്ടതിനാൽ അവൻ മിസ്രയീം പിടിച്ചടക്കാതെ പിന്മാറി. ഇത് ബാബിലോണിനെതിരെ മത്സരിപ്പാൻ യെഹോയാക്കിമിനെ പ്രേരിപ്പിച്ചു. (2 രാജ. 24:1). എന്നാൽ 598 ബി.സി.,യിൽ ബാബേൽ അവനെ നിഷ്കാഷിതനാക്കി. 586 ബി.സി.,യിൽ യിരെമ്യാവിന്റെ പ്രവചനങ്ങൾക്കു പൂർണ്ണ നിവർത്തി എന്ന വണ്ണം യെഹൂദാ ബാബിലോണിലേക്ക് പ്രവാസത്തിൽ പോകേണ്ടി വന്നു.

യെഹോയാക്കിമിന്റെ മരണത്തെക്കുറിച്ചു വിവിധ കഥകൾ പ്രചരിക്കുന്നുണ്ട്. അതിൽ ഒന്ന് അവന്റെ തലയോട്ടിയെക്കുറിച്ചുള്ളതാണ്. യെരുശലേമിനു പുറത്തു this and one more എന്നു കോറിയിട്ടിരുന്ന ഒരു തലയോട്ടി ഒരു പണ്ഡിതനു ലഭിച്ചു. തുടർന്നു അയാൾ അതു ശ്മശാനാ ഭൂമിയിൽ മണ്ണിട്ടു മൂടുവാൻ ശ്രമിച്ചു. എന്നാൽ ഭൂമി ആ തലയോട്ടിയെ സ്വീകരിച്ചില്ല. അതിനാൽ അദ്ദേഹം അതുമായി വീട്ടിൽ പോയി തന്റെ മുറിയിൽ ഉള്ളറയിൽ വച്ചു ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇതു കണ്ടു തെറ്റിദ്ധരിച്ച അദ്ദേഹത്തിന്റെ ഭാര്യ അതു ചുട്ടു കളഞ്ഞു. വിവരം അറിഞ്ഞ പണ്ഡിതൻ ചിരിച്ചു കൊണ്ട് അതും സംഭവിച്ചിരിക്കുന്നു എന്നു പറഞ്ഞു. പഞ്ചതന്ത്ര കഥകളിലൂടെ ഈ കഥ ഇന്ത്യയിലും വകഭേദത്തോടെ പ്രചരിച്ചു വരുന്നുണ്ടല്ലോ.

‘കരയുന്ന പ്രവാചകൻ’ എന്നു ഖ്യാതി നേടിയ യിരെമ്യാവ് തന്റെ ശുശ്രൂഷ തികെച്ചു മിസ്രയീമിൽ വച്ചു മരിച്ചു എന്നു കരുതപ്പെടുന്നു. യിരെമ്യാവും യെഹോയാക്കീമും രണ്ടു വ്യത്യസ്ത മാതൃകകൾ ആണ്. ജീവന്റെയും നാശത്തിന്റെയും; ദൈവം കാത്തു സൂക്ഷിച്ചതിന്റെയും ദൈവം കൈവിട്ടതിന്റെയും! ശക്തിയേറിയ വീണ്ടെടുപ്പുകാരന്റെ കരുതൽ യിരെമ്യാവ് അനുഭവിച്ചറിഞ്ഞപ്പോൾ യെഹോയാക്കിം തള്ളപ്പെടുകയും ന്യായം വിധിക്കപ്പെടുകയും ചെയ്തു. യഹോവ ശക്തിമാൻ – ഏകമാത്ര ദൈവം!