യഹോവയുടെ നാമം വൃഥാ എടുക്കരുത്

സണ്ണി പി. സാമുവൽ, റാസ്‌ അൽ ഖൈമ

“നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.”
(പുറപ്പാട് 20:7: ആവ 5:11).


ദൈവം മോശെയിലൂടെ യിസ്രായേൽ മക്കൾക്കു പത്തു കല്പനകൾ നൽകി. കൂടാതെ പഞ്ചഗ്രന്ഥം എന്ന ന്യായപ്രമാണ പുസ്തകവും! പത്തു കല്പനകൾ ദൈവത്തിന്റെ കൈയ്യെഴുത്തായിരുന്നുവെങ്കിൽ (പുറ. 34:28, ആവ. 4: 13, 10: 4) പഞ്ചഗ്രന്ഥ രചയിതാവു മോശെ തന്നെയായിരുന്നു. അതു ഒരു ഗ്രന്ഥ രൂപത്തിൽ മോശെ ഏകദേശം 38 വർഷം കൊണ്ട്, അതായത് തന്റെ മരണത്തിന് തൊട്ടു മുമ്പ് എഴുതി പൂർത്തികരിച്ചു. (ആവ 31:24-26 cf സംഖ്യ 1: 1). ഈ പഞ്ചഗ്രന്ഥത്തിൽ യിസ്രായേലിന്റെ സാമൂഹ്യ ജീവിത ധാർമ്മികതയ്ക്കായി 613 നീതിസൂക്തങ്ങൾ ഉണ്ടായിരുന്നു. 10 കല്പനകൾക്ക് എബ്രായ ഭാഷയിൽ DABAR എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന് to speak, declare, converse, command എന്നൊക്കെയാണ് അർത്ഥം. നീതി സൂക്തങ്ങൾക്ക് MITZVAH എന്ന വാക്കും ഉപയോഗിച്ചിരിക്കുന്നു. അതിന് precepts നീതി സൂക്തം, ധർമ്മോപദേശം, കല്പന എന്നൊക്കെയാണ് അർത്ഥം. പത്തു പ്രഖ്യാപനങ്ങൾ, 613 കല്പനകൾ എന്നിങ്ങനെയായിരുന്നു ശരിക്കും വരേണ്ടിയിരുന്നത്. 613 MITZVAH-കളിൽ 10 DABAR ഉൾപ്പെട്ടിരിക്കുന്നു.

യിസ്രായേലിന്റെ 10 കല്പനകളും കത്തോലിക്കാ സഭയുടെ 10 കല്പനയും പ്രൊട്ടസ്റ്റന്റ് ഇവഞ്ചലിക്കൽ സഭകളുടെ 10 കല്പനകളും തമ്മിൽ വ്യത്യാസം ഉണ്ട്. യെഹൂദന്റെ ഒന്നാം പ്രമാണം യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു എന്നതാണ്.(അതായത് ഒരു ദൈവം ഉണ്ടെന്നു വിശ്വസിക്കുക. ആ ദൈവം യഹോവ മാത്രമാണെന്നു വിശ്വസിക്കുക). രണ്ടാം പ്രമാണം ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. അതിന്റെ വ്യാഖ്യാനം അടങ്ങിയ ഉപവകുപ്പുകളാണ് പുറപ്പാട് 20:4-6 വരെയുള്ള വാക്യങ്ങൾ. യിസ്രായേലിന്റെ ദൈവത്തിന്റെ പേര് ഓരോ യെഹൂദനും അറിഞ്ഞിരിക്കണം. പേരറിയാത്ത ഒരു ദൈവത്തെ എങ്ങനെ ആരാധിക്കും? ദൈവം എന്നത് ഒരു സർവ്വനാമം ആകയാൽ ആ ദൈവത്തിന്റെ സംജ്ഞാ നാമം ആരാധകന് അറിയുവാൻ അവകാശം ഉണ്ട്. “യിസ്രായേലേ കേൾക്ക! യഹോവ നമ്മുടെ ദൈവമാകുന്നു”. (ആവ 6:4) “എന്റെ ജനം എന്റെ നാമത്തെ അറിയും” (യെശയ്യാ 52:6). യഹോവയായ ഞാൻ നിങ്ങളുടെ ദൈവം (ആവ 29:5; ന്യായ 6:10). ഈ അറിവ് ജനത്തിന് ഉണ്ടായിരിക്കണമെന്നു ദൈവത്തിനു നിഷ്കർഷ ഉണ്ട്. പുറപ്പാട് 20:1-26 വരെയുള്ള വാക്യങ്ങളിൽ പ്രതിപാദിക്കുന്ന 10 കല്പനകളെ 16 സൂക്തങ്ങളായിട്ടാണ് (MITZUAH) വിഭജിച്ചിരിക്കുന്നത്.

കത്തോലിക്കർ ഒഴികെയുള്ളവരുടെ ലിസ്റ്റിലെ മൂന്നാമത്തെ കല്പനയാണ് “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്,” എന്നുള്ളത്. ഈ കല്പന ആദ്യത്തെ രണ്ടു കല്പനകളെ അരക്കിട്ടുറപ്പിക്കുന്ന കല്പനയാണ്. രണ്ടാമത്തെ കല്പനയ്ക്കു മൂന്നു ഉപവകുപ്പുകൾ നൽകിയിട്ടുണ്ട്.

1) ഒരു വിഗ്രഹം ഉണ്ടാക്കരുത്. ഈ പ്രസ്താവന യഹോവയുടെ വിഗ്രഹത്തെ കുറിക്കുന്നു എന്നു ആവ 4:12,15 വാക്യങ്ങളിൽ നിന്നും ഗ്രഹിക്കുവാൻ കഴിയും. “ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? (യെശയ്യാ 40:18). നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തു വരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശയ്യാ 46:5)

2) യാതൊന്നിന്റെയും പ്രതിമ അരുത്. സ്വർഗ്ഗത്തിലും ആകാശത്തിലും ഭൂമിയിലും വെള്ളത്തിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്.

3) വിഗ്രഹങ്ങളെയും പ്രതിമകളേയും നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്.

Late Judaism- ഉം Rabbinical Judaism- ഉം ഏറെ ദുർവ്യാഖ്യാനം ചെയ്ത ഒരു കല്പനയാണ് മൂന്നാം കല്പന.
“ആരെങ്കിലും തന്റെ ദൈവത്തെ ശപിക്കുയോ യഹോവയുടെ നാമം ദുഷിക്കുകയോ ചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണം” (ലേവ്യ: 24:15,16) എന്ന MITZVAH യെഹൂദൻ ഗൗരവമായിട്ടായിരുന്നു കണ്ടിരുന്നത്. യഹോവയുടെ നാമം ദുഷിക്കുക എന്നത് YHWH എന്ന നാമം ഉച്ചരിക്കുന്നതാണ് എന്ന് പണ്ഡിതന്മാർ പഠിപ്പിച്ചു. ഈ ഉപദേശം സെപ്റ്റുഅജിന്റെ (LXX) വിവർത്തനത്തിലും പ്രകടമായി. “And the one who names the Name of the LORD shall surely put out to death” എന്നാണ് മേൽപ്പറഞ്ഞ വാക്യം LXX- ൽ വിവർത്തനം ചെയ്തിരിക്കുന്നത്.

ചാവുകടലിന്റെ പ്രാന്തപ്രദേശങ്ങളിൽ ഖുംറാൻ സമൂഹം പാർത്തിരുന്നു. സ്വസ്ഥജീവിതം നയിച്ചിരുന്ന ഇവർ ന്യായപ്രമാണം പകർത്തി എഴുതുന്ന ശാസ്ത്രി പണ്ഡിതർ കൂടെ ആയിരുന്നു. ഇവരുടെ സാമൂഹ്യ നിയമ സംഹിതകളിൽ “Anyone who speaks aloud the Most Holy Name of God (whether in ——) or cursing or as a blurt in time of trial or for any other reason, or while he is reading a book or praying, is to be expelled, never again to restore to the council of Yahad,” എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. (1 QS 6:27-7:2). ഭാഗ്യം, മരണശിക്ഷ വിധിച്ചില്ലല്ലോ. Yahad എന്ന ഇവ്റിത് വാക്കിന് യഹൂദാമതാനുസാരി (proselyte) യഹുദൻ ആയിതീരുക (to become a Jew, become Judaised) എന്നൊക്കെ അർത്ഥം. അതായത് YHWH എന്ന വാക്ക് യോദെവാവെ എന്നല്ലാതെ യഹോവ എന്നു ഉച്ചരിക്കുന്നവൻ പുറജാതിക്കാരനെക്കാൾ അധമനായി തള്ളിക്കളയുമായിരുന്നു എന്നു സാരം. ഇങ്ങനെ YHWH എന്ന നാമത്തെ ഉപദേഷ്ടാക്കന്മാർ മിഥ്യാ വേലി കെട്ടി ജനത്തെ ഭയപ്പെടുത്തി നിർത്തിയിരുന്നു.

ഇവ്റീത് ഭാഷയിൽ സ്നേഹം എന്നതിനുള്ള വാക്കായ AHAUA യിലെ സ്വരാക്ഷരങ്ങൾ YHWH എന്നതിനോടു ചേർത്താൽ YAHAWAH എന്ന ഉച്ചാരണം കൃത്യമായി ലഭിക്കുന്നുവെന്നാണ് പണ്ഡിത മതം! യഹോവ അഹവ എന്നു പറഞ്ഞാൽ ദൈവം അഥവാ യഹോവ സ്നേഹം തന്നെ എന്നാണ് അർത്ഥം. ബൈബിളിന്റെ ആകെത്തുക അതുതന്നെയല്ലേ.

“നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്” എന്ന വാക്യത്തിന്റെ ശരിയായ അർത്ഥം എന്താണ്? ഇതു അറിയണമെങ്കിൽ യെഹൂദന് ദൈവം കല്പിച്ച് ആക്കിയ ചില ആത്മീയ ശുശ്രുഷകൾ വിലയിരുത്തി വിശകലനം ചെയ്തു പഠിക്കണം! “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം” എന്നാണ് ദൈവം യിസ്രായേൽ മക്കളെക്കുറിച്ചു പറയുന്നത് (2 ദിന. 2:7). “എന്റെ നാമം അവനിൽ ഉണ്ട്” (പുറ 23:21), “എന്റെ നാമം വെക്കേണം” ( സംഖ്യ 6:27), ” എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിയുവാൻ”, (1 രാജ 8:16), “എന്റെ നാമം സ്ഥാപിക്കേണ്ടതിന് ഞാൻ തിരഞ്ഞെടുത്ത യെരൂശലേം നഗരം”, (1 രാജ :11:36) എന്നിത്യാദി വാക്യങ്ങൾ നാം ആഴത്തിൽ വിശകലനം ചെയ്യേണ്ട സത്യങ്ങൾ ആണ്.
ദൈവത്തിന്റെ നാമം യിസ്രായേലിന്റെ മേൽ വയ്ക്കുന്ന ഒരു ആത്മീയ ശുശ്രൂഷ ദൈവം അഹരോനും അവന്റെ പുത്രന്മാർക്കും കല്പിച്ചു നൽകിയിരുന്നു. മഹാപുരോഹിതൻ മറ്റു പുരോഹിതന്മാരോടു ചേർന്ന് നടത്തിയിരുന്ന ഈ ചടങ്ങ്- ശുശ്രൂഷ- അഹരോന്യ അനുഗ്രഹം, മഹാപുരോഹിത പ്രാർത്ഥന എന്നിങ്ങനെയാണ് പേർ പറയപ്പെട്ടിരുന്നത്. സംഖ്യപുസ്തകം 6 ആം അദ്ധ്യായം 23 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ നാം ഇതു കാണുന്നു. ” നീ അഹരോനോടും പുത്രാന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടത് എന്തെന്നാൽ: യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ. ഇങ്ങനെ അവർ യിസ്രായേൽ മക്കളുടെ മേൽ എന്റെ നാമം വെക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും.”

യിസ്രായേലിന്റെ പ്രതിദിന സാമൂഹ്യ ജീവിതത്തിൽ ഈ പ്രാർത്ഥനയ്ക്കു വലിയ പ്രാധാന്യം ഉണ്ടായിരുന്നു. നിരന്തര ഹോമം അഥവാ പ്രതിദിന യാഗം കഴിഞ്ഞ് യിസ്രായേലിന്റെ മഹാപുരോഹിതൻ തന്റെ ഇരുകരങ്ങളും ആകാശത്തേക്കു ഉയർത്തിയായിരുന്നു ഈ പ്രാർത്ഥന ചൊല്ലേണ്ടിയിരുന്നത്. ഇങ്ങനെ കൈകളെ ഉയർത്തുമ്പോൾ ഇരു കൈകളും തലയും ചേർന്ന് ഇംഗ്ലീഷ് അക്ഷരമാലയിലെ W എന്നതിനോടു ഒത്തു വരത്തക്കവിധമാണ് ഉയർത്തേണ്ടത്. ഈ ദേഹഭാവം അഥവാ അംഗവിന്യാസം എബ്രായ ഭാഷയിലെ “ഷീൻ” എന്ന ചിത്രാക്ഷരത്തോടു ഒക്കുന്നു. “ഷീൻ” എന്ന അക്ഷരം യഹൂദന് പ്രതീകാത്മകം ആണ്. അത് ദൈവത്തിന്റെ പ്രതിരൂപമായി അവർ വിശ്വസിക്കുന്നു. കാരണം “ഷദ്ദായ്” എന്ന എബ്രായ വാക്ക് ആരംഭിക്കുന്നത് ‘ഷീൻ’ എന്ന അക്ഷരത്തോടു കൂടെയാണ്. മഹാപുരോഹിതൻ ഈ POSTURE- ൽ നിന്ന് യിസ്രായേൽ മക്കളെ അനുഗ്രഹിക്കുമ്പോൾ സാക്ഷാൽ ഷദ്ദായ് (സർവ്വ ശക്തിയുള്ള ദൈവം) യിസ്രായേലിനെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. സംഖ്യ :6:27 ലെ “ഞാൻ അവരെ അനുഗ്രഹിക്കും” എന്ന പ്രസ്താവനയാണ് ഈ വിശ്വാസത്തിന് ആധാരം!

ഇങ്ങനെ ‘ഷദ്ദായ് ‘ ആയ യഹോവയുടെ നാമം വിളിക്കപ്പെട്ട/ സ്ഥാപിക്കപ്പെട്ട ഒരു യിസ്രായേല്യനും അനുഗ്രഹം അനുഭവിപ്പാൻ വിളിക്കപ്പെട്ടവൻ ആകുന്നു. യിസ്രായേലിന്റെ സർവ്വ അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും കാരണം അഥവാ അടിസ്ഥാനം ദൈവിക അനുഗ്രഹമാണ്. മല്ക്കീസേദെക്ക് എന്ന പുരോഹിതൻ അബ്രഹാമിനെ അനുഗ്രഹിച്ചതിന്റെ (ഉല്പത്തി 14:17 – 20) പിന്തുടർച്ചയാണ് അഹരോന്യ പ്രാർത്ഥന.

ഇങ്ങനെ അത്യുന്നത ദൈവത്തിന്റെ തേജോമയനും സർവ്വ ശക്തിയുമുള്ള ദൈവത്തിന്റെ നാമം സ്ഥാപിക്കപ്പെട്ട് ആ ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിച്ചവൻ; അനുഗ്രഹം പ്രാപിച്ചു കഴിയുമ്പോൾ തന്നെ ഉയർത്തിയ, മാനിച്ച, ഉന്നതങ്ങളിൽ വാഹനം ഏറ്റി ഓടിക്കുമാറക്കിയ, ജാതികളുടെ തലയാക്കിയ ദൈവത്തെ തള്ളിപ്പറഞ്ഞു ദുഷിക്കരുത്; ദുഷിച്ചു സംസാരിക്കരുത് എന്നാണ് അതിന്റെ അർത്ഥം! ദുഷ്ടത ദുഷ്ടനിൽ നിന്നു പുറപ്പെടുന്നു (1 ശാമു: 24:13). അത് വൈരുദ്ധ്യമാണ്. അതു ഷദ്ദായി ആയവനെ തള്ളി പറയുന്നതിന് സമാനമാണ് ദൈവം അതു ക്ഷമിക്കുകയില്ല.

അധരം കൊണ്ടു ദൈവത്തെ ബഹുമാനിക്കുകയും ഹൃദയം കൊണ്ടു ദൈവത്തിൽ നിന്നും അകന്നു ജീവിക്കുകയും ചെയ്യുന്ന യിസ്രായേല്യൻ ദൈവത്തെ ദുഷിക്കുന്നവനാണ്. യഹോവയുടെ നാമം വൃഥാ എടുക്കുന്നവൻ ആണ്. അവനാണ് പുറ ജാതിക്കാരനെക്കാൾ അരിഷ്ടൻ. വിളിച്ച വിളിക്കു യോഗ്യമാംവണ്ണം ജീവിക്കാത്തവൻ ദൈവനാമം വൃഥാ എടുക്കുന്നവൻ ആണ്. പുതിയ നിയമ യിസ്രായേല്യനും ഈ കല്പന ബാധകമാണ്. ലഭിച്ചതല്ലാതെ നമുക്ക് ഒന്നുമില്ല. എന്നാൽ ലഭിച്ചതല്ല നേടിയതത്രെ എന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പെന്തക്കോസ്ത്കാരൻ ദൈവനാമം വൃഥാ എടുക്കുന്നവൻ ആണ്. നമുക്കും ഒരു പുനർ ചിന്തനം ആവശ്യം. ജീവിതത്തെ ദൈവഹിതപ്രകാരം ക്രമീകരിക്കാം, നാഥൻ വരാറായി. ‘എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം എന്റെ അവകാശം.’ ആമേൻ കർത്താവേ വരേണമേ.